പാലക്കാട് നഗരസഭ: അനിശ്ചിതത്വം തുടരുന്നു
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബുധനാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും സഭയുടെ ഭരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. എല്‍ഡിഎഫിലെ എ.കെ.ചന്ദ്രന്‍കുട്ടി 20 വോട്ടോടെ വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം രാജിവച്ചു.
അഞ്ച് ബിജെപി അംഗങ്ങളുടെ വോട്ട് തനിക്ക് കിട്ടിയെന്ന കാരണത്താലാണ് ചന്ദ്രന്‍കുട്ടി സ്ഥാനമേല്‍ക്കാന്‍ തയ്യാറാവാതിരുന്നത്. ചന്ദ്രന്‍കുട്ടിക്ക് 20 വോട്ടും എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ ദേവയാനിക്ക് 18 വോട്ടും കിട്ടി.
17 ബിജെപി അംഗങ്ങളില്‍ 12 പേര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. നേരത്തെ എ.കെ.ചന്ദ്രന്‍കുട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും മുസ്ലിം ലീഗും ബിജെപിയും പിന്തുണച്ചുവെന്ന കാരണത്താല്‍ രാജി വച്ചിരുന്നു.
കോടതി നിര്‍ദേശം അനുസരിച്ച് പട്ടികവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും ചെയര്‍പേഴ്സണെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ഇനി ഈ പദവി വനിതാസംവരണമാകും. വനിതകള്‍ക്കിടയില്‍ നിന്നും ചെയര്‍പേഴ്സണെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും ചെയര്‍പേഴ്സണെ കണ്ടെത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
അമ്പതംഗ കൗണ്‍സിലില്‍ യുഡിഎഫിന് 17ഉം ബിജെപിക്ക് 17ഉം എല്‍ഡിഎഫിന് 15ഉം അംഗങ്ങളാണുള്ളത്. ഒരു അംഗം ഡിഐസിയില്‍ നിന്നുമാണ്.












Click it and Unblock the Notifications