അര്‍ജന്റീന-ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍
മ്യൂണിക്ക്: ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫുട്ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയും ജര്‍മനിയും തമ്മില്‍ ജൂണ്‍ 30ന് നടക്കും. ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇരുവരും വിജയം കണ്ടു.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ മെക്സിക്കോയെ 2-1ന് തോല്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. 90 മിനുട്ട് കളി അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയില്‍ സമനിലയായതിനെ തുടര്‍ന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിലെ എട്ടാം മിനുട്ടില്‍ റൊഡ്രീഗസിന്റെ തകര്‍പ്പന്‍ ഗോളാണ് അര്‍ജന്റീനക്ക് വഴിയൊരുക്കിയത്.
കളിയുടെ ആറാം മിനുട്ടില്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്കസ് ഗോള്‍ നേടി മെക്സിക്കോയെ മുന്നിലെത്തിച്ചെങ്കിലും പത്താം മിനുട്ടില്‍ തന്നെ അര്‍ജന്റീന ഗോള്‍ മടക്കി. ക്രെസ്പോയായിരുന്നു സമനില ഗോള്‍ നേടിയത്. ഇരുവരും തുല്യമായി കരുത്ത് കാട്ടിയ കളിയില്‍ പിന്നീട് അവശേഷിക്കുന്ന എണ്‍പത് മിനുട്ട് പതിവ് സമയത്തില്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല.
ആദ്യ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചാണ് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറിലെത്തിയത്. നാലാം മിനുട്ടിലും 12-ാം മിനുട്ടിലും നേടിയ ഫിനിഷിംഗിന്റെ അതിവേഗവും പൂര്‍ണതയും നിറഞ്ഞ രണ്ടു ഗോളുകളിലൂടെ പൊഡോള്‍സ്കിയാണ് ജര്‍മനിക്ക് വിജയമൊരുക്കിയത്.