ദളിത് യുവതിയ്ക്ക് പൊലീസ് മര്‍ദനം
തിരുവനന്തപുരം: ദളിത് യുവതിയെ ഫോര്‍ട്ട് പോലീസ് സ്റേഷനില്‍ വനിതാ പോലീസ് അഞ്ചുമണിക്കൂര്‍ മര്‍ദിച്ചതായി പരാതി. ശരീരമാസകലം മര്‍ദ്ദനമേറ്റ യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുട്ടത്തറ കല്ലുംമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ സുധ (27)യാണ് പൊലീസ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തെപ്പറ്റി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശക്കമ്മീഷന്‍ എന്നിവര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.
മുട്ടത്തറ കല്ലുംമൂട് ജി.കെ. ഗാര്‍ഡന്‍സില്‍ റേഷന്‍കട നടത്തുന്ന ഗിരീഷിന്റെ വീട്ടിലെ ജോലിക്കാരിയാണ് സുധ. ഗിരീഷിന്റെ വീട്ടില്‍ നിന്നും എട്ടര പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് സുധയ്ക്കെതിരെയുള്ള ആരോപണം. പുരുഷ പൊലീസിന്റെ സാന്നിധ്യത്തിലാണ് വനിതാ പൊലീസുകാര്‍ അഞ്ചുമണിക്കൂര്‍ നേരം സുധയെ മര്‍ദ്ദിച്ചത്.
റൂള്‍ത്തടികൊണ്ട് കൈവിരലുകള്‍ ചതച്ചു. ശരീരമാസകലം ചൂരല്‍ കൊണ്ടടിച്ചു. വെള്ളം ചോദിച്ചപ്പോഴും നല്‍കാതെ മര്‍ദ്ദിച്ചു. ഈ സമയം പുരുഷപോലീസുകാര്‍ അസഭ്യം പറഞ്ഞു- സുധ പറയുന്നു.
സംഭവം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് സുധയെ സന്ദര്‍ശിക്കാനെത്തിയ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു.
കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നവരെ കയ്യില്‍കിട്ടിയാലുടന്‍ മര്‍ദ്ദിക്കുന്ന സ്ഥിതി മാറ്റുമെന്നാണ് ആഭ്യന്തരമന്ത്രി അധികാരമേറ്റപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സ്ഥിതിയ്ക്ക് മാറ്റം വന്നിട്ടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ജോര്‍ജ് മെഴ്സിയര്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് കെ.മോഹന്‍കുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സി.ശിവന്‍കുട്ടി എന്നിവര്‍ ആശുപത്രിയിലെത്തി സുധയെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications