സഹകരണ കോളജുകളില്‍ ഫീസ് സ്വാശ്രയ നിയമ പ്രകാരം
തിരുവനന്തപുരം: നിയമസഭയില്‍ പാസാക്കിയിട്ടുളള സ്വാശ്രയ നിയമത്തില്‍ പറഞ്ഞിട്ടുള്ള ഫീസ് നിരക്ക് മാത്രമേ സഹകരണ കോളജുകളില്‍ ഈടാക്കൂവെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമമനുസരിച്ച് മെഡിക്കല്‍ കോളജുകളിലെ ഏറ്റവും ചുരുങ്ങിയ ഫീസ് 9,000 രൂപയും എഞ്ചിനീയറിംഗ് കോളജുകളില്‍ 4000 രൂപയും ആയിരിക്കും. എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫീസ് ഘടന സര്‍ക്കാരിന്റെയും കോടതിയുടെയും അന്തിമവിധി വന്നതിന് ശേഷം മാത്രമേ നടപ്പാക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അതുകൊണ്ടു തന്നെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ 25,000 രൂപ ഫീസ് നല്‍കാനുള്ള നിര്‍ദേശം അപ്രസക്തമായിരിക്കുകയാണ്.
സ്വാശ്രയ നിമയത്തില്‍ പറഞ്ഞിട്ടുള്ള ഫീസ് ഘടന നടപ്പാക്കുമ്പോള്‍ ഒട്ടേറെ നഷ്ടങ്ങളുണ്ടാകുമെങ്കിലും അത് സഹിക്കാന്‍ തയാറാണ്. 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസും 35 ശതമാനം സീറ്റുകളില്‍ കെ.ടി.തോമസ് കമ്മിഷന്‍ ഫീസായ 1, 13,000 രൂപയുമാണ് ഈടാക്കുക. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് നിരക്കും ഈടാക്കും. ആരെങ്കിലും ഈ നിയമം ലംഘിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
സിംഗിള്‍ ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈടാക്കിയിരുന്ന 25 ലക്ഷം രൂപ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാന്‍ അനുവാദം ലഭിച്ചതിന്റെ പേരിലാണ് കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് വികസന ഫീസ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെയും കോടതിയുടെയും അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫീസ് ഘടന നടപ്പാക്കൂവെന്ന്ു നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications