ഗള്‍ഫിലെ തൊഴില്‍ തട്ടിപ്പു തടയാന്‍ ധാരണാപത്രം
ദില്ലി: അവിദഗ്ധ തൊഴില്‍ മേഖലയില്‍ നാല് രാജ്യങ്ങളുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവെയ്ക്കും. ബഹറൈന്‍, കുവൈത്ത്, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളുമായാണ് ധാരണയിലേര്‍പ്പെടുകയെന്ന് കേന്ദ്രപ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.
ധാരണാപത്രത്തിന്റെ കരടുരൂപം ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. തൊഴില്‍ തട്ടിപ്പുകള്‍ തടയുകയാണിതിന്റെ മുഖ്യലക്ഷ്യം. ധാരണ പ്രകാരം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായിരിക്കും.
അതതു രാജ്യത്തെ സ്ഥാനപതി കാര്യാലയങ്ങള്‍ അംഗീകരിക്കുന്ന ഏജന്‍സികള്‍ക്കു മാത്രമേ ഇന്ത്യയില്‍ നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അധികാരമുണ്ടാകൂ. വിസയില്‍ വാഗ്ദാനം ചെയ്യുന്ന വേതനം നിര്‍ബ്ബന്ധമായും നല്‍കണം.
റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനുള്ള പ്രക്രിയ സുതാര്യമാക്കും. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് തൊഴിലന്വേഷകരെ മോചിപ്പിക്കുകയാണ് ലക്ഷ്യം.
സന്ദര്‍ശക വിസയിലും തൊഴില്‍ വിസയിലും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഏജന്റുമാരെ അനുവദിക്കും. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് തസ്തികയില്‍ ഡപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.
ഇപ്പോള്‍ സെക്ഷന്‍ ഓഫീസര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഈ സ്ഥാനം വഹിക്കുന്നത്. ഇന്ത്യയുടെ കരടു നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ അംഗീകരിക്കുകയോ അവയ്ക്കു ഭേദഗതി നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നതിനു പിന്നാലെ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയശേഷമായിരിക്കും ധാരണാപത്രം ഒപ്പു വെയ്ക്കുക.












Click it and Unblock the Notifications