എന്‍ആര്‍ഐ ഫീസ്: ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ സാധാരണ ഫീസിന്റെ അഞ്ചിരട്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ടു.
നിയമത്തിലെ ഈ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് യുഎഇ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്.
ജസ്റിസ് വി.കെ ബാലി, ജസ്റിസ് രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍ആര്‍ഐ ഫീസ് സംബന്ധിച്ച നിര്‍ദ്ദേശമടങ്ങുന്ന നിയമത്തിലെ 9(1) വിഭാഗം ഭരണഘടനാ വിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിത്യജീവിതത്തിനുവേണ്ടി വിദേശങ്ങളില്‍ പോയി കഷ്ടപ്പെടുന്ന വിഭാഗങ്ങളും പ്രവാസികള്‍ക്കിടയിലുണ്ടെന്നും അവര്‍ക്ക് ഈ ഉയര്‍ന്ന ഫീസ് താങ്ങാനാവാത്തതാണെന്നും ഹര്‍ജിയില്‍പ്പറയുന്നു.
മാത്രമല്ല വന്‍പണക്കാരായ പ്രവാസികളെപ്പോലെ എല്ലാവരെയും കണക്കാക്കരുത്. മാത്രമല്ല നിയമത്തില്‍ ഒരിടത്തും എന്‍ആര്‍ഐ എന്ന പ്രയോഗം നിര്‍വ്വചിക്കുന്നില്ല. സാധാരണ ഫീസിന്റെ അഞ്ചിരട്ടി എന്നത് മാറ്റി ഫീസ് ഇളവുചെയ്യാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.