കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ പോരാട്ടക്കാര്‍ സാധാരണക്കാരെ സംരക്ഷിയ്ക്കുന്നില്ല

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍ : കേരളത്തില്‍ ഇന്ന് ന്യൂനപക്ഷാവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ ക്രിസ്തീയ സഭയിലെ സാധാരണക്കാരെ സംരക്ഷിയ്ക്കുന്നവരല്ല. പണത്തിന്റെയും കച്ചവടത്തിന്റേയും മേഖലയാണ് സ്വാശ്രയ വിദ്യാഭ്യാസം. ആ സാഹചര്യത്തില്‍ ഏതടിസ്ഥാനത്തിലാണ് ക്രൈസ്തവത്ത്വത്തിലൂന്നി ഇതിനായി വാദിയ്ക്കുന്നത്? ഇത് ക്രിസ്തുമതത്തിന് ചേര്‍ന്നതല്ല. മലങ്കര ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് അഭിപ്രായപ്പെട്ടു.

അദ്ധാനിയ്ക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ഒപ്പം നില്‍ക്കുന്നതാവണം ക്രൈസ്തവത്ത്വം. ഇന്നത്തെ ശബ്ദഘോഷങ്ങളില്‍നിന്ന് സഭ മാറി നില്‍ക്കേണ്ടതുണ്ട്. ബഹളം വെയ്ക്കുന്നത് നീതിയല്ല. മിലിത്തിയോസ് അഭിപ്രായപ്പെട്ടു.

സ്വാശ്രയ വിദ്യാഭ്യാസ ബില്ലിനെച്ചൊല്ലി മരിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും ക്രിസ്ത്യാനി എന്ന നിലയില്‍ ആരും ഇതിനായി മുന്നോട്ടുവരുമെന്ന് കരുതുന്നില്ലെന്നും മിലിത്തിയോസ് പറഞ്ഞു. ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ പേരില്‍ സമുദായാംഗങ്ങളെ തെരുവിലിറക്കുന്നത് ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ന്യൂനപക്ഷാവകാശ സംരക്ഷണ കണ്‍വെന്‍ഷനിലെ പ്രസംഗങ്ങളെയും തീരുമാനങ്ങളെയും പരാമര്‍ശിച്ചാണ് ബിഷപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷാവകാശങ്ങള്‍ ആരുടേത്? എന്ന വിഷയത്തില്‍ തൃശ്ശൂര്‍ ജനനീതി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവസഭയ്ക്കുള്ളിലാണ് വിമോചനസമരം വേണ്ടതെന്ന് ഡോ. നൈനാന്‍ കോശി പറഞ്ഞു. കാലഹരണപ്പെട്ട കാഴ്ചപ്പാടുകളില്‍ സഭ മാറ്റം വരുത്തണം. അവസാനത്തെ ക്രൈസ്തവനും മരിച്ചുവീഴാതെ സ്വാശ്രയബില്ല് നടപ്പാക്കാനാവില്ലെന്ന തൃശ്ശൂര്‍ അതിരൂപതാ വികാരി ജനറലിന്റെ പ്രഖ്യാപനത്തില്‍ ഒരു വികാരിയുടെ സ്വരമില്ല. അതൊരു പട്ടാള ജനറലിന്റെ ഭാഷയാണ്. ഇതൊരു ബൂമറാങ്ങാണ്. സഭയിലെ ജനങ്ങള്‍ തന്നെ ഇതിനെതിരെ പ്രതികരിക്കും. ജൂലായ് 25-ന് ഇറങ്ങിയ ഇടയലേഖനം വിലകുറഞ്ഞതും വാസ്തവവിരുദ്ധവുമാണ്. ഭാവിയില്‍ സഭയ്ക്ക് ഇതൊരു കളങ്കമാകും. സഭ ന്യൂനപക്ഷമാണെന്ന് ഇനിയും പറയുന്നവര്‍ ദൈവശാസ്ത്രപഠനം തുടരേണ്ടിയിരിക്കുന്നു- നൈനാന്‍ കോശി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം സേവനമല്ലാതായെന്നും അത് കമ്പോളവത്ക്കരിക്കപ്പെട്ടുവെന്നും തുറന്നു സമ്മതിക്കുകയാണ് സഭാനേതൃത്വം ചെയ്യേണ്ടതെന്ന് ഡോ. എം.പി. മത്തായി പറഞ്ഞു.

ക്രൈസ്തവസമൂഹത്തിനുള്ളില്‍ ഒരു മാഫിയവത്ക്കരണം നടന്നിരിക്കുകയാണെന്ന് ഡോ. സ്കറിയാ സക്കറിയ പറഞ്ഞു. ബഹളമയമായ അന്തരീക്ഷമുണ്ടാക്കാതെ സഭാ നേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അത് അപരാധമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഒരംശവും പുതിയ ഇടയലേഖനത്തില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായെങ്കില്‍ മാത്രമേ ശരിയായ വിചിന്തനം നടക്കൂവെന്നും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടൂവെന്നും പ്രൊഫ. റവ. ജോണ്‍ തോമസ് അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X