അഭയ കേസ് വീണ്ടും അന്വേഷിക്കണം: കോടതി
കൊച്ചി: സിസ്റര്‍ അഭയ കൊലക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി കോടതി നാലാം തവണയും ഉത്തരവിട്ടു. കേസില്‍ സിബിഐ മൂന്നാം തവണ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി.ശാര്‍ങ്ഗധരന്‍ കുറ്റപ്പെടുത്തി.
സിബിഐയുടെ അന്വേഷണരീതിയെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സിസ്റര്‍ അഭയ കൊല്ലപ്പെട്ടതാണെങ്കിലും ആദ്യം അന്വേഷിച്ച പൊലീസ് തെളിവുകള്‍ നശിപ്പിച്ചുവെന്ന സിബിഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ ആഴത്തിലുള്ള അന്വേഷണം സിബിഐ നടത്തിയിട്ടില്ല. ഇതുവരെ നടത്തിയ അന്വേഷണം ഉപരിപ്ലവമാണ്. സിബിഐയുടെ വിശ്വാസ്യതയാണ് ഇതുമൂലം നഷ്ടപ്പെടുന്നതെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി.ശാര്‍ങ്ഗധരന്‍ കുറ്റപ്പെടുത്തി.
കേസ് അന്വേഷണത്തില്‍ സിബിഐക്ക് കൂടുതലായി ഒന്നും ചെയ്യാനായിട്ടില്ലെന്നും പ്രതികളെ പിടിക്കാനാവില്ലെന്ന് പറഞ്ഞ് സിബിഐ കൈ കഴുകുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ സിബിഐക്ക് കഴിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
1992 മാര്‍ച്ച് 27നാണ് കോട്ടയം ബിസിഎം കോളജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്റര്‍ അഭയയുടെ മൃതദേഹം പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ കാണപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചതിനു ശേഷമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.












Click it and Unblock the Notifications