കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പ് ഇടപാടില്‍ 18കോടി സമ്പാദിച്ചതായി ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍ പമ്പ് ഇടപാടിലൂടെ ബിജെപി സംസ്ഥാന ഘടകം 18കോടി രൂപ സമ്പാദിക്കുകയും ചില പ്രത്യേക വ്യക്തികള്‍ ഇതിന്റെ വലിയൊരു പങ്ക് കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യുകയും ചെയ്തതായി പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലുണ്ടായിരുന്ന കാലത്താണ് സംസ്ഥാന ഘടകം ഇത്തരത്തില്‍ പണം സമ്പാദിച്ചത്. കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉന്നതതല സമിതിയാണ് ഇക്കാര്യം കണ്ടെത്തയത്.

2003ലാണ് ബിജെപി നേതാക്കളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി പെട്രോള്‍ പമ്പുകള്‍ വീതിച്ചു നല്‍കുന്നതിലൂടെ പാര്‍ട്ടി പണം സമ്പാദിച്ചത്. എന്നാല്‍ ആര്‍എസ്എസ് നേതാവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇതിന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയതായാണ് പറയുന്നത്.

പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ പ്രകാരം മൊത്തം 18 കോടി രൂപ ശേഖരിച്ചതില്‍ രണ്ട് കോടിയുടെ കണക്കുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ബാക്കി തുക നേരത്തേ പറഞ്ഞ സംഘം സ്വന്തമായി സൂക്ഷിക്കുകയും തങ്ങളുടെ അനുഭാവികളെക്കൊണ്ട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതലയുള്ള ബിജെപി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.പി മുകുന്ദനും പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രൊഫ.നാരായണന്‍ നായരുമാണ് തുക വെട്ടിച്ചതെന്നാണ് രാമന്‍ പിള്ള ആരോപിക്കുന്നത്.

പെട്രോള്‍ പമ്പിനായി പണം നല്‍കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക കിഴിവും ഇവര്‍ അനുവദിച്ചിരുന്നു. കൊല്ലം ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രൊഫസര്‍ നാരായണന്‍ നായര്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകരോട് 20 ലക്ഷം രൂപയും അല്ലാത്തവരോട് 25 ലക്ഷം രൂപയും ആവശ്യപ്പെട്ടതിന് മീറ്റിംഗിന്റെ മിനുട്സില്‍ രേഖയുണ്ട്- രാമന്‍ പിള്ള സാക്ഷ്യപ്പെടുത്തുന്നു.

പെട്രോള്‍ പമ്പ് ഇടപാടിലൂടെ സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്ന വാദത്തെ പാര്‍ട്ടി സംസ്ഥാന വക്താവ് ബി.കെ.ശേഖറും പിന്താങ്ങുന്നുണ്ട്.

പമ്പ് അനുവദിക്കുന്നതിനായി കോഴവാങ്ങാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന് ഒരു ഉന്നത ബിജെപി നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇടപാടിനായി ഒരു സമിതിയെ ചുമതലപ്പെടുത്തിയതിലും പണം കൈകാര്യം ചെയ്യാന്‍ അനുവദിച്ചതിലും പാര്‍ട്ടിയ്ക്ക് തെറ്റുപറ്റിയെന്നും നേതാവ് പറയുന്നു.

ലോക് സഭാ ഉപതിരഞ്ഞെടുപ്പിലെ പരാജയം കേരളത്തില്‍ ബിജെപി വോട്ട് മറ്റ് മുന്നണികള്‍ക്ക് മറിച്ചു നല്‍കിയെന്ന ആരോപണം എന്നിവയില്‍ രണ്ട് സംസ്ഥാന പ്രസിഡന്റുമാരായ മോഹന്‍ ശങ്കര്‍, മഞ്ചേരി നാരായണന്‍, മുന്‍ ഡിജിപി ആര്‍.പി.സി.നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നത തല സമിതിയാണ് അന്വേഷണം നടത്തിയത്.

നാലുമാസമായി തയ്യാറായ ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടില്ല. സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കാര്‍ക്കും ഇതിന്റെ പകര്‍പ്പുകള്‍ നല്‍കിയിട്ടുമില്ല.

ഒന്‍പത് മാസം മുമ്പ് നടന്ന തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് സംഭവിച്ച കനത്ത പരാജയത്തെത്തുടര്‍ന്നാണ് അന്വേഷണ സമിതയെ നിയമിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന് 37,000വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി വോട്ടു മറിച്ചു വിറ്റതെങ്ങനെയെന്നതിനെക്കുറിച്ചു റിപ്പോര്‍ട്ട് വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്.

പാര്‍ട്ടിയുടെ സംസ്ഥാനഘടകത്തിന് ധാര്‍മ്മികച്യുതി സംഭവിച്ചിരിക്കുകയാണെന്നും ഒരു പുതിയ വ്യക്തിപോലും ഇനി പാര്‍ട്ടിയില്‍ ചേരില്ലെന്നും മുന്‍ കേന്ദ്ര മന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

1980ല്‍ പാര്‍ട്ടി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ആര്‍ എസ്എസ് നാമനിര്‍ദ്ദേശം ചെയ്ത മുകുന്ദന്റെ നേതൃത്വതതിലുള്ള സംഘം പമ്പ് ഇടപാടില്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മുകുന്ദന്‍ വിഭാഗം എല്‍ഡിഎഫിനെയും യുഡിഎഫിനെയും സഹായിക്കുന്നതിനായി വോട്ടുകള്‍ മറിച്ചു നല്‍കുകയും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താനും പോസ്ററുകളും മറ്റും നശിപ്പുക്കുന്നതിനുമൊക്കെയാണ് കൈവശപ്പെടുത്തിയ പണം ദുരുപയോഗം ചെയ്തിരിക്കുകയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

എല്‍ഡിഎഫ്,യുഡിഎഫ് നേതാക്കള്‍ക്ക് മുകുന്ദന്‍ വോട്ട് മറിച്ചു നല്‍കിയതായി വെളിപ്പെടുത്തിയ കാര്യവും പാര്‍ട്ടി വക്താവ് ബി.കെ ശേഖര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആര്‍എസ്എസ് പ്രചാരക് സ്ഥാനവും കേരളത്തിന്റെ ചുമതലയും ഇതിനകം തന്നെ മുകുന്ദന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തമിഴ്നാടിന്റെയും ആന്റമാന്‍-നിക്കോബാറിന്റെയും ചുമതലമാത്രമാണ് ഇദ്ദേഹത്തിനുള്ളത്.

കേരളത്തിലെ പാര്‍ട്ടിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സ്ഥാനമാനങ്ങളില്‍ വന്‍ അഴിച്ചുപണി നടത്തുക വഴി മാത്രമേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X