ഇറാഖില്‍ മൂന്ന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: മൂന്ന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇറാഖില്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയത്തിന് വിവരം ലഭിച്ചു.
നാല്‍പതംഗ തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് രണ്ടു ദിവസം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെട്ട മൂന്ന് ആന്ധ്രപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്.
വിശാഖപട്ടണം സ്വദേശിയായ ജാഫര്‍ മശാദി, ഹൈദരാബാദ് സ്വദേശികളായ അഹമ്മദ് അലി, എം. ബെയ്ഗ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബാഗ്ദാദിലെ ഇന്ത്യന്‍ മന്ത്രാലയം അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
ഇവരുടെ മൃതദേഹത്തില്‍ വെടിയേറ്റ പാടുകളുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആഗസ്ത് 31ന് 14ഇന്ത്യക്കാരും 26 പാക്കിസ്ഥാന്‍കാരുമുള്‍പ്പെട്ട 40 അംഗ തീര്‍ത്ഥാടക സംഘം ഇറാഖിലെ പുണ്യ നഗരമായ കര്‍ബലയിലേയ്ക്ക് പോകുന്നതിനിടയിലാണ് രുത്ബ എന്ന സ്ഥലത്തുവെച്ച് ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്.
സംഘത്തിലെ 14 പുരുഷന്മാരെ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. മൂന്ന് ഇന്ത്യക്കാരെക്കൂടാതെ 11 പാക്കിസ്ഥാന്‍കാരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെട്ടിരുന്നു. പാകിസ്ഥാന്‍കാര്‍ക്ക് എന്തുപറ്റിയെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കൊല്ലപ്പെട്ടവരുടെ മൃതദേഹം കര്‍ബലയില്‍ത്തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ ഇന്ത്യന്‍ മന്ത്രാലയത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥി മുഖാന്തരമാണ് ബാഗ്ദാദിലെ ഇന്ത്യന്‍ മന്ത്രാലയ ഉദ്യേഗസ്ഥാനായ കേദര്‍ സിംഗിന് കൊലപാതക വിവരം ലഭിച്ചത്. ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് സംഘം തീര്‍ത്ഥാടനത്തിന് തിരിച്ചത്.


Click it and Unblock the Notifications