തപാല്‍ ബോംബ്: വിദ്യാര്‍ത്ഥി അറസ്റില്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തപാല്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഫയര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ മൊഹ്സിനെ പൊലീസ് അറസ്റ് ചെയ്തു.

ആയുധ നിരോധന നിയമപ്രകാരമാണ് മൊഹ്സിനെ അറസ്റുചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്. മൊഹ്സിന് എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മൊഹ്സിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബെല്‍ജിയം നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത റൈഫിളുകളില്‍ ഉപയോഗിക്കുന്നവയാണിത്. 7.65 മില്ലി മീറ്റര്‍ നീളമുള്ള ഈ വെടിയുണ്ടകള്‍ ഉപയോഗയോഗ്യമാണോ എന്നറിയുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തണം.

തപാല്‍ ബോംബില്‍ ഉപയോഗിച്ച വയര്‍ നല്‍കിയ ആളെക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഹിറ്റാച്ചി മാക്സ്വെല്‍ ബാറ്ററിയാണ് ബോംബില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സര്‍ക്യൂട്ട് വളരെ ലളിതമാണെങ്കിലും വളരെ വൈദഗ്ധ്യം ഉള്ളവര്‍ക്ക് മാത്രം ഈ സംവിധാനത്തില്‍ ബോംബ് നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പൊട്ടാസ്യം ക്ലോറൈഡും അലൂമിനിയം പൊടിയും മാറ്റി ആര്‍ഡിഎക്സ് ഉപയോഗിച്ചും ഈ രീതിയില്‍ ബോംബ് നിര്‍മ്മിക്കാന്‍ കഴിയും.

സ്ഫോടനം നടന്നതിനുപിന്നാലെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്തുകഴിഞ്ഞു. ഇതില്‍നിന്നെല്ലാം ലഭിച്ച സൂചനകളുമായാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മൊഹ്സിനെ ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്