ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായം
ദില്ലി: വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിദേശത്തുള്ള ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയോ വിവാഹമോചന നടപടികള്‍ നേരിടേണ്ടിവരുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായവും കൗണ്‍സിലിംഗും നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു.
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയമാണ് ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കുന്നത്. യുഎസ്, യുകെ, കാനഡ, ജര്‍മനി, ആസ്ട്രേലിയ, മലേഷ്യ, ന്യൂസിലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള പ്രവാസിഇന്ത്യക്കാരായ സ്ത്രീകള്‍ക്കും ഇവിടങ്ങളിലെ പൗരത്വം നേടിയിട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്കും ഗുണപ്രദമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അതാത് രാജ്യങ്ങളില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംഘടനകള്‍, എന്‍ജിഒ സംഘടനകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. നിയമസഹായം, കൗണ്‍സിലിംഗ് എന്നിവയ്ക്കുപുറമേ ഇത്തരം സാഹചര്യങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 1000 ഡോളര്‍വരെ സാമ്പത്തിക സഹായം നല്‍കാനും പദ്ധതിയില്‍ തീരുമാനമായിട്ടുണ്ട്.
ഏകപക്ഷീയമായി വിവാഹമോചനമോ വിവാഹം റദ്ദാക്കലോ നടന്ന കേസുകളില്‍ ജീവനാംശത്തിന് വേണ്ടിയുള്ള നിയമസഹായമാണ് പദ്ധതി പ്രകാരം ഭാര്യമാര്‍ക്ക് ലഭിയ്ക്കുക.
സഹായം ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകളില്‍ നിന്നും ലഭിയ്ക്കുന്ന അപേക്ഷകള്‍ മന്ത്രാലയത്തിലെ ഒരു പ്രത്യേക കമ്മറ്റി പരിശോധിച്ചശേഷമായിരിക്കും സഹായംനല്‍കുന്നതിനെപ്പറ്റി തീരുമാനം എടുക്കുക. കമ്മിറ്റിയുടെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സഹായം നല്‍കാനുള്ള ശുപാര്‍ശയുമായി അതാത് സംഘടനകള്‍ക്ക് നല്‍കും.
വിവാഹം നടന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഭാര്യമാരെ ഉപേക്ഷിയ്ക്കുകയോ വിവാഹമോചന നടപടികള്‍ ആരംഭിയ്ക്കുകയോ ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications