പൊലീസ് മൊഴി തിരുത്തി: എസ്എംഇ പെണ്‍കുട്ടി
കോട്ടയം: കൊല്ലത്തെ നഴ്സിംഗ് കോളജ് ഹോസ്റലില്‍ വച്ച് രണ്ടു പേര് ആക്രമിച്ച കേസില്‍ പൊലീസ് തന്റെ മൊഴി തിരുത്തിയെന്ന് എസ്എംഇ റാഗിങ് കേസിലെ പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
ഹോസ്റലില്‍ വച്ച് ആക്രമിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് താന്‍ നല്കിയ മൊഴിയെന്നും എന്നാല്‍ എസ്എംഇ റാഗിങ് കേസിലെ പ്രതികളായ രഞ്ജിത്തും ഷെറിനുമാണ് തന്നെ ആക്രമിച്ചതെന്ന് പൊലീസ് മൊഴിയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
രഞ്ജിത്തും ഷെറിനുമാണ് തന്നെ ആക്രമിച്ചതെന്ന് പിറ്റേന്നത്തെ പത്രത്തില്‍ കണ്ടതിനെ തുടര്‍ന്ന് അതേ കുറിച്ച് അച്ഛന് അന്വേഷിച്ചപ്പോഴാണ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ അങ്ങനെയാണുള്ളതെന്ന് അറിയാന്‍ കഴിഞ്ഞത്. തന്റെ മൊഴി തിരുത്തിയതിനു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ട്. തന്റെ മാനസികനില തകരാറിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പൊലീസ് നടത്തുന്നത്.
ആക്രമണം നടന്നതിന്റെ പിറ്റേന്ന് പൊലീസ് ആശുപത്രിയില്‍ വന്ന് മൊഴിയെടുത്തിരുന്നു. എന്നാല്‍ ഒപ്പിടുവിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ ഒരു എസ്ഐ വന്ന് മൊഴിയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഒപ്പിട്ടുകൊടുത്തു. തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് പിറ്റേന്നത്തെ പത്രം കണ്ടപ്പോഴാണ് അറിഞ്ഞത്.
താന്‍ പറയുന്നതു കേള്‍ക്കാതെ താന്‍ കുറ്റക്കാരിയാണെന്ന മട്ടിലാണ് പൊലീസ് തുടക്കം മുതല്‍ പെരുമാറിയത്. ഹോസ്റലില്‍ രാത്രി തന്നെ ആക്രമിച്ച സംഭവത്തില്‍ ഹോസ്റലിലെ ചിലര്‍ക്ക് ബന്ധമുണ്ടായിരുന്നതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.