എഡിബി: തോമസും പാലൊളിയും രാജിവെയ്ക്കണമെന്ന് സാറാ ജോസഫ്
തിരുവനന്തപുരം: എഡിബി വായ്പ സംബന്ധിച്ച നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും ധനമന്ത്രി തോമസ് ഐസകും രാജിവെയ്ക്കണമെന്ന് എഡിബി വിരുദ്ധ പ്രചാരണ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രഫസര്‍ സാറാ ജോസഫ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എഡിബി വായ്പ സംബന്ധിച്ച് സര്‍ക്കാര്‍ നയങ്ങളിലും നടപടിക്രമങ്ങളിലും വീഴ്ച വരുത്തിയിരിക്കുകയാണ്. നയത്തിന്റെ കാര്യത്തില്‍ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന നിലയിലാണ് സിപിഎം നേതൃത്വം.
എല്ലാ നടപടിക്രമവും തെറ്റിച്ചുകൊണ്ട് 2006 ഡിസംബര്‍ എട്ടിന് കരാറില്‍ ഒപ്പുവെയ്ക്കുകയും കരാറിന് ശേഷം ചര്‍ച്ചചെയ്യുകയെന്ന പുതിയ കീഴ്വഴക്കം കൊണ്ടുവരുകയുമാണ് ചെയ്തിരിക്കുന്നത്. കരാര്‍രേഖ മലയാളത്തില്‍ പരിഭാഷപ്പെടുത്തി സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രിസിദ്ധീകരിയ്ക്കാനും തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.
കമ്മിറ്റി ഭാരവാഹികളായ സി.ആര്‍ നീലകണ്ഠന്‍, അജിത, ഡോ. ആസാദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എഡിബിവിഷയത്തില്‍ രണ്ട് മന്ത്രിമാരുടെ മാത്രം രാജിയാവശ്യപ്പെടുകയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാതിരിക്കുകയും ചെയ്തതെന്താണെന്ന ചോദ്യത്തിന് കരാറിനെക്കുറിച്ച് തനിയ്ക്കുള്ള സംശയങ്ങളും ഉത്കണ്ഠയും അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സാറാ ജോസഫിന്റെ മറുപടി.
പാര്‍ട്ടി അച്ചടക്കത്തിന് വഴങ്ങുക അല്ലെങ്കില്‍ രാജിവെയ്ക്കുക എന്നീ രണ്ടു പോംവഴികള്‍ മാത്രമേ അദ്ദേഹത്തിന് മുന്നിലുള്ളുവെന്ന കാര്യവും ഞങ്ങള്‍ക്കറിയാം. എങ്കിലും കരാര്‍ സംബന്ധിച്ച ബാധ്യതകളില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല- അവര്‍ പറഞ്ഞു.
കേരളത്തില്‍ ഇടതുപക്ഷം എന്നത് ഇല്ലാതാവുകയും ആഗോളവല്‍ക്കരണത്തില്‍ വലിയ വലതുപക്ഷം രൂപം കൊള്ളുകയും ചെയ്യുകയാണ്. ഇത് ഭാവിയില്‍ വലിയ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications