സമ്പത്തിന്റെ നെറുകയില്‍ രണ്ടു മലയാളികളും
കൊച്ചി : ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇക്കുറി രണ്ടു മലയാളികള്‍ ഇടം നേടി.
ബാഗ്ലൂരിലെ റിയല്‍ എസ്റേറ്റ് കമ്പനിയായ ശോഭ ഡവലപ്പേഴ്സിന്റെ ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍, ഇന്‍ഫോസിസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് യഥാക്രമം 754ഉം 799ഉം സ്ഥാനങ്ങളിലായി ഫോബ്സിന്റെ അതിസമ്പന്നപ്പട്ടികയിലുള്‍പ്പെട്ടത്.
പി.എന്‍.സി മോനോന്റെ ആസ്തി 5850 കോടി രൂപയും (130 കോടി ഡോളര്‍) ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 5400 കോടി രൂപയും (120 കോടി ഡോളര്‍) ആണ്.
ഫോബ്സിന്റെ അതിസമ്പന്നപ്പട്ടികയില്‍ ഇക്കുറി ആകെ 36 ഇന്ത്യാക്കാരുണ്ട്. അതിസമ്പന്നരുടെ എണ്ണത്തില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനം ജപ്പാനെ പിന്തളളി ഇത്തവണ ഇന്ത്യ നേടി. 24 ജപ്പാന്‍കാരാണ് പട്ടികയിലുളളത്.
കഴിഞ്ഞ 13 വര്‍ഷമായി അതിസമ്പന്നപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്സ് തന്നെയാണ് ഇത്തവണയും ഒന്നാമന്‍. ഇന്ത്യയിലെ അതിസമ്പന്നന്മാരില്‍ ഒന്നാമന്‍ ലക്ഷ്മി മിത്തലാണ്.
പാലക്കാട് വടക്കാഞ്ചേരിക്ക് സമീപം മൂലങ്കോട് ഗ്രാമത്തിലാണ് പി എന്‍ ചെന്താമരാക്ഷന്‍ മേനോന്റെ ജനനം. 1995 ലാണ് അദ്ദേഹം ബാംഗ്ലൂരില്‍ ശോഭ ഡവലപ്പേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. ഇന്‍ഫോസിസ് അടക്കമുളള സ്ഥാപനങ്ങള്‍ക്കു വേണ്ടി കാമ്പസുകള്‍ പണിത ശോഭ ഡവലപ്പേഴ്സ് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയാണ്.
ഇന്‍ഫോസിസ് സ്ഥാപിക്കുന്നതില്‍ നാരായണ മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്നയാളാണ് ക്രിസ് ഗോപാലകൃഷ്ണന്‍ എന്നറിയപ്പെടുന്ന സേനാപതി ഗോപാലകൃഷ്ണന്‍. തിരുവനന്തപുരം സ്വദേശിയായ ഗോപാലകൃഷ്ണന്‍ മദ്രാസ് ഐഐടിയില്‍ നിന്നും ഫിസിക്സില്‍ മാസ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്കും കരസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications