കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈയ്ക്കുമുന്പേതന്നെ മുംബൈ വെള്ളത്തില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: കാലവര്‍ഷം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഏറെക്കുറെ വെള്ളത്തിനടിയിലായ മുംബൈ നഗരത്തില്‍ ജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടര്‍ന്ന്‌ സംസ്ഥാനത്ത് ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു.

ഒറ്റ രാത്രിയില്‍ മാത്രം മുംബൈയില്‍ 172 മില്ലീമീറ്റര്‍ മഴ പെയ്‌തുവെന്നാണ്‌ കോര്‍പറേഷന്‍ അധികൃതരുടെ കണക്ക്‌. ചെന്പൂരിലും ഗോവണ്ടിയിലുമായി വീടുകള്‍ ഇടിഞ്ഞുവീണുണ്ടായ അപകടങ്ങളിലാണ്‌ കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചത്‌.

കനത്ത മഴതുടര്‍ന്നേയ്ക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന്‌ മൊബൈല്‍ സന്ദേശങ്ങള്‍ വഴി നഗരവാസികളെ അറിയിക്കുമെന്ന്‌ മുംബൈ കോര്‍പറേഷന്‍ കമ്മിഷണര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അതിശക്‌തമായ മഴയിലും കാറ്റിലും മുംബൈ നഗരത്തിലെ താഴ്‌ന്ന സ്ഥലങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം സ്‌തംഭിച്ചു. മഴയും കാറ്റും തുടരുമെന്നാണ്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌.

ദീര്‍ഘദൂര തീവണ്ടി ഗതാഗതത്തെ മഴ ബാധിച്ചിട്ടില്ല. എങ്കിലും വണ്ടികള്‍ പലതും വൈകിയാണ്‌ ഓടുന്നത്‌. വിമാനത്താവള റണ്‍വേയിലെ വെളിച്ചക്കുറവും വെള്ളം കയറിയതും മൂലം വിമാനങ്ങള്‍ മിക്കവയും അഹമ്മദാബാദ്, വഡോദര, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കായി തിരിച്ചുവിട്ടു.

കൊങ്കണ്‍ തീരത്തിനടുത്ത്‌ ബാര്‍ജ്‌ മുങ്ങി 11 പേരെ കാണാതായി. ഖണ്ഡേരി ദ്വീപിനു സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ്‌ അപകടം നടന്നത്. ബിര്‍ളാ ഗ്രൂപ്പ്‌ കമ്പനിയായ വിക്രം ഇസ്പാറ്റിനു വേണ്ടി മുംബൈയില്‍ നിന്ന്‌ സ്പോഞ്ച്‌ അയണ്‍ കൊണ്ടുപോവുകയായിരുന്ന ബാര്‍ജാണ്‌ മുങ്ങിയത്‌. മൊത്തം 14 പേരുണ്ടായിരുന്നതില്‍ ലൈഫ്‌ ജാക്കറ്റ്‌ ധരിച്ച്‌ കടലില്‍ ചാടിയ മൂന്നു പേര്‍ ഇനിയും തീരത്തെത്തിയിട്ടില്ല.

ശനിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച ഉച്ചവരെ വാര്‍ഷിക ശരാശരിയുടെ പത്ത് ശതമാനം മഴയാണ് മുംബൈ നഗരത്തില്‍ ലഭിച്ചത്. കൊലബ വാര്‍ഡില്‍ 237.1മില്ലീമീറ്ററും ദാര്‍ദര്‍ , കുര്‍ള, കമനി എന്നിവിടങ്ങളില്‍ യഥാക്രമം 239.2 മില്ലീ മീറ്ററും 262.2 മില്ലീമീറ്ററും മഴപെയ്തു. തുള്‍സി താലവില്‍ 291.3 മില്ലീ മീറ്ററും, വൈല്‍ പാര്‍ലിയില്‍ 215.2 മില്ലീ മീറ്ററും മഴലഭിച്ചിട്ടുണ്ട്.

മിലന്‍ സബ് വേയില്‍ ശനിയാഴ്ച കാലത്ത് അഞ്ച് അടിയോളം വെള്ളം പൊങ്ങിയിരുന്നു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ വെള്ളം പന്പുചെയ്ത് കളയുന്നുണ്ടെങ്കിലും ശ്രമം ഫലപ്രദമല്ല. മിലന്‍ സബ് വേയെക്കൂടാതെ ദാദര്‍ സര്‍ക്കിള്‍, കാല ചൗക്കി, വോര്‍ലി നാക, പാണ്ഡുരംഗ് ബുദ്കര്‍ മാര്‍ഗ് , സയണ്‍ റോണ് നന്പര്‍ 24, ദഹിസര്‍ സബ് വേ, മഹേശ്വരി ഉദ്യാന്‍ , ഹിന്ദ് മാത എന്നിവിടങ്ങളെല്ലാം ഏറെക്കുറെ വെള്ളത്തിനടിയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X