കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെബി ഇടപെട്ടു, ഓഹരി സൂചിക തലകുത്തി

  • By Staff
Google Oneindia Malayalam News

മുംബെ : കഴിഞ്ഞ ഒരുമാസമായി നിലയ്‌ക്കാതെ കുതിച്ചുയര്‍ന്ന ഓഹരി സൂചികയെ നോക്കി നെടുവീര്‍പ്പിട്ടവരെ ആശ്വസിപ്പിച്ച് സെന്‍സെക്സ് കുത്തനെ ഇടിഞ്ഞു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്ന 9.57ന് 1743.36 പോയിന്റ് (9.15 ശതമാനം) കുത്തനെ ഇടിയുന്ന കാഴ്ചയാണ് വിപണി കണ്ടത്. നിഫ്റ്റി 524 പോയിന്റും ഇടിഞ്ഞു. അപ്രതീക്ഷിതമായി ഇത്രയേറെ പോയിന്റ് താഴ്ന്നതിനെ തുടര്‍ന്ന് വ്യാപാരം ഒരുമണിയ്ക്കൂര്‍ നേരത്തേയ്ക്ക് നിറുത്തി വച്ചു. വീണ്ടും വ്യാപാരം തുടങ്ങിയത് 10.50 നാണ്.

വിപണിയിലേയ്ക്കുളള വിദേശ പണ പ്രവാഹം നിയന്ത്രിക്കാന്‍ സെബി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് സൂചിക കുത്തനെ ഇടിഞ്ഞത്. പി-നോട്ടുകളെ അധികരിച്ചുളള വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കാര്യമായി ആലോചിയ്ക്കണമെന്നായിരുന്നു സെബിയുടെ പ്രഖ്യാപനം. ഇതിനെക്കുറിച്ചുള്ള വ്യത്യസ്ഥകേന്ദ്രങ്ങളുടെ അഭിപ്രായം അറിയിയ്ക്കാന്‍ ഒക്ടോബര്‍ 20 വരെ സമയവും സെബി നല്‍കിയിരുന്നു.

റിലയന്‍സ്, ഐസിഐസിഐ, എന്‍ടിപിസി, ഭെല്‍, എസിസി, എല്‍ ആന്റ് ടി മുതലായ പ്രമുഖ ഓഹരികളുടെയെല്ലാം വില പത്തു ശതമാനത്തിനു മേല്‍ കുറഞ്ഞിട്ടുണ്ട്. ഏറ്റവുമധികം തകര്‍ച്ച നേരിട്ടത് റിലയന്‍സ് എനര്‍ജിയാണ്. ഈ ഓഹരി വിലയില്‍ 17.98 ശതമാനം കുറവാണുണ്ടായത്.

സെന്‍സെക്സ് പട്ടികയിലെ 30 ഓഹരികളില്‍ ഒന്നിനു പോലും നേട്ടമുണ്ടാക്കാനായിട്ടില്ല. നിക്ഷേപകരില്‍ പരിഭ്രാന്തി പടരുന്ന് ഒഴിവാക്കാന്‍ ആദ്യ ഒരു മണിക്കൂര്‍ വ്യാപാരം നിര്‍ത്തി വെയ്ക്കാന്‍ ബിഎസ്ഇയും എന്‍എസ്ഇയും തീരുമാനിച്ചു.

10.50 ന് വീണ്ടും വ്യാപാരം തുടങ്ങിയപ്പോഴും 1000 പോയന്‍്റുകള്‍ക്ക് മുകളിലായിരുന്നു ഇടിവ്. പിന്നീട് അത് 800 പോയനന്‍റ് വരെ എത്തിയെങ്കിലും വീണ്ടും ഇടിവ് 1000ത്തിന് മുകളിലെത്തി ചാഞ്ചാട്ടം തുടരുകയാണ്.

സെബിയും പിഎന്‍ നോട്ടും.

പാര്‍ട്ടിസിപ്പേറ്ററി നോട്ട് (പിഎന്‍ നോട്ട്) വഴിയുളള വ്യാപാരം നിയന്ത്രിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുതിരുമെന്ന് ഉറപ്പായതോടെയാണ് ഓഹരി സൂചിക കുത്തനെ ഇടിഞ്ഞത്.

സെബിയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യയിലെ വിപണിയില്‍ പണം നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന ഒരു ഉപാധിയാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട് (പിഎന്‍ നോട്ട്). ഇന്ത്യയിലെ ദല്ലാളന്മാര്‍ നിക്ഷേപം നടത്തി വിദേശ നിക്ഷേപകര്‍ക്ക് പാര്‍ട്ടിസിപ്പേറ്ററി നോട്ട് നല്‍കുന്നു. ഡിവിഡന്റോ മൂലധനനേട്ടമോ ഉണ്ടാവുമ്പോള്‍ അത് വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കുകയും ചെയ്യും.

പാര്‍ട്ടിസിപ്പേറ്ററി നോട്ട് വാങ്ങുന്നവര്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതിനാല്‍ വിദേശ നിക്ഷേപകന് സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കാന്‍ സാധിക്കും. പിഎന്‍ നോട്ടു വഴിയുളള വ്യാപാരം താരതമ്യേനെ എളുപ്പമാണെന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ഈ മാര്‍ഗമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളിലെ നികുതി ഘടനയില്‍ നിന്നും രക്ഷപെടാനും പിഎന്‍ നോട്ട് ആയുധമാക്കുന്നവരുണ്ട്. വന്‍തോതില്‍ ഹെഡ്ജ് ഫണ്ടുകള്‍ നിക്ഷേപിക്കാനും പിഎന്‍ നോട്ട് ഉപകരിക്കും.

വിപണിയില്‍ അനുവദനീയമായ പിഎന്‍ നോട്ടുകളുടെ പരിധി നിശ്ചയിക്കാന്‍ സെബി തയ്യാറായേക്കും എന്നാണ് സൂചന. നിഫ്റ്റി ഫ്യൂച്ചര്‍ പോലുളള നിക്ഷേപങ്ങളില്‍ പിഎന്‍ നോട്ടുകള്‍ വഴി വിദേശ പങ്കാളിത്തം അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ സെബിയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി.

ഇത്തരത്തില്‍ വിദേശപണം കുത്തിയൊഴുകുന്നത് വിപണിയെ അസ്ഥിരപ്പെടുത്തുമെന്നാണ് സെബിയുടെ നിഗമനം. വിദേശപണപ്രവാഹം നിമിത്തം സൂചിക അന്തം വിട്ട നിലയില്‍ ഉയര്‍ന്നു പൊങ്ങുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ചിദംബരം ഒരു മുന്നറിയിപ്പെന്നോണം സൂചിപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X