കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ വരവ് : ചര്‍ച്ച കൊഴുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കരുണാകരന്റെ കോണ്‍ഗ്രസ് പുനപ്രവേശനം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി അദ്ദേഹവുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന.

വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയതിനു ശേഷമായിരിക്കും മൊഹ്സിന കിദ്വായി കരുണാകരനെ കാണുന്നത്. കിദ്വായിയുടെ റിപ്പോര്‍ട്ട് കരുണാകരന് അനുകൂലമായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കിദ്വായിയെ കണ്ട് ചര്‍ച്ച നടത്തിയവരില്‍ ഭൂരിപക്ഷവും കരുണാകരന്റെ മടങ്ങി വരവിനെ അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ട്. വി എം സുധീരന്‍, പി സി ചാക്കോ, ജി കാര്‍ത്തികേയന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം ഐ ഷാനവാസ്, തലേക്കുന്നില്‍ ബഷീര്‍, ജോസഫ് വാഴയ്ക്കന്‍, വി എസ് ശിവകുമാര്‍ എന്നിവരാണ് കിദ്വായിയുമായി ചര്‍ച്ച നടത്തിയത്. ഇവരിലേറെപ്പേരും കരുണാകരന്റെ വരവിനെ പരസ്യമായിത്തന്നെ അനുകൂലിക്കുന്നവരാണ്.

തിരുത്തല്‍വാദികളായി കരുണാകരന്റെ ക്യാമ്പ് ഉപേക്ഷിച്ചു പോയവരാണ് ഇന്നത്തെ കെ പിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ജി കാര്‍ത്തികേയന്‍, എം ഐ ഷാനവാസ് എന്നിവര്‍. എന്നാല്‍ പിന്നീട് ഇവരില്‍ നിന്നും രമേശ് ചെന്നിത്തല പൂര്‍ണമായും അകലുകയും ഷാനവാസ് ആന്റണി ഗ്രൂപ്പില്‍ ചേക്കേറുകയും ചെയ്തു. കാര്‍ത്തികേയനാകട്ടെ എങ്ങും തൊടാത്ത മട്ടിലും.

എന്നാല്‍ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഇവരുടെ ശബ്ദങ്ങള്‍ക്ക് സ്ഥാനമില്ലാതാവുകയും തങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്ന് കാര്‍ത്തികേയനും ഷാനവാസും കരുണാകരനു വേണ്ടി നിലപാട് സ്വീകരിക്കുകയായിരുന്നു.

ഉപാധികളില്ലാതെ മടങ്ങാന്‍ തയ്യാറാണെന്ന കരുണാകരന്റെ വാഗ്ദാനത്തെ തുറന്നെതിര്‍ക്കാന്‍ ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസിലെ ആര്‍ക്കും കഴിയില്ല. കരുണാകരനൊപ്പം കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചു പോകാന്‍ മുരളീധരന്‍ തയ്യാറാവാതെ നില്‍ക്കുന്നത് മറ്റൊരടവിന്റെ ഭാഗമാണോ എന്ന സംശയമേ ബാക്കിയുളളൂ.

മുരളിയില്ലാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്ന കരുണാകരന് വിമത ഗ്രൂപ്പിന്റെ നേതാവാകാന്‍ ഞൊടിയിട നേരം മതി. കാരണം അത്രയ്ക്ക് അസംതൃപ്തി പാര്‍ട്ടിയില്‍ പുകയുകയാണ്. പഴയ ഐ ഗ്രൂപ്പ്, ഉമ്മന്‍ചാണ്ടിയോട് അമര്‍ഷമുളള എ ഗ്രൂപ്പ് എന്നിവരൊക്കെ കരുണാകരന്റെ കീഴില്‍ അണിനിരന്നേക്കാം. ചുരുക്കത്തില്‍ പഴയതിനേക്കാള്‍ ശക്തനായ ഗ്രൂപ്പു നേതാവായി ലീഡര്‍ വിരാജിക്കാനുളള എല്ലാ സാധ്യതയും കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ട്. ആ സ്വാധീനം മുതലെടുത്ത് വീണ്ടും മുരളിയെ കരുണാകരന്‍ പ്രതിഷ്ഠിക്കുമോ എന്ന ശങ്കയും ചിലര്‍ക്ക് ഇല്ലാതില്ല.

കരുണാകരനെയും മുരളിയെയും നന്നായി അറിയുന്ന ആരും ആ സാധ്യത തളളിക്കളയുന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X