നമ്മുടെ സ്വപ്നം, ടാറ്റയുടെ മേക്കിംഗ്
ദില്ലി : സ്ക്കൂട്ടറിലും ബൈക്കിലുമായി ഓഫീസുകളില്‍ പോയിരുന്ന ഇടത്തരക്കാരന്റെ ഫോര്‍വീലര്‍ സ്വപ്നങ്ങളില്‍ കണ്ണു പാകിയാണ് രത്തന്‍ ടാറ്റ ആ ലക്ഷ്യം മനസില്‍ കുറിച്ചത്. ഒരു ലക്ഷത്തിന്റെ കാര്‍.
ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആ സ്വപ്നം പുറത്തു പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ ആദ്യം അമ്പരന്നു. പിന്നെ പലരും ടാറ്റയെ പുച്ഛിച്ചു. നാടോടിക്കാറ്റിലെ ദാസനെ അനുകരിച്ച് എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് ചില മലയാളികളെങ്കിലും സ്വയം പറഞ്ഞിരിക്കണം.
രത്തന്‍ ടാറ്റയെ പുച്ഛിച്ചു തളളിയവരുടെ വിഡ്ഢിദിനമായിരുന്നു 2008 ജനുവരി 10 വ്യാഴം. ഒമ്പതാമത് ഓട്ടോ എക്സ്പോയുടെ വേദിയിലേയ്ക്ക് സില്‍വര്‍ നിറത്തിലുളള ആ കാര്‍ ഓടിച്ചു കയറ്റിയപ്പോള്‍ അത് വന്ന് നിന്നത് ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന കോടികളുടെ ഹൃദയത്തിലാണ്. ഒരു ടാറ്റാ നാനോ വാങ്ങണമെന്ന കാര്യം ഇപ്പോള്‍ തന്നെ പലരും തീരുമാനിച്ചു കഴിഞ്ഞു.
1500 കോടി രൂപ മുതല്‍ മുടക്കില്‍ രത്തന്‍ ടാറ്റ ആ സ്വപ്നം സത്യമാക്കി. 2008 ജൂലായ് മാസത്തില്‍ ഈ കാര്‍ തെരുവു കീഴടക്കുമെന്നും ഉറപ്പായി. ടാറ്റയെ പേടിച്ച് പലരും കാറിന് വിലകുറച്ചു കഴിഞ്ഞു. സമാനമായ കാറുമായി ബജാജ് വരാന്‍ പോകുന്നു.
800സിസി എഞ്ചിന്‍. 33 ബിഎച്ച്പി ശക്തി. എഞ്ചിന്‍ പുറകിലും ലഗേജ് സ്ഥലം മുന്നിലുമാണ് നാനോയ്ക്ക്. 30 ലിറ്റര്‍ പെട്രോള്‍ ടാങ്ക്. നാല് ഗീയര്‍.
സിറ്റിയില്‍ 22 ഉം ഹൈവേയില്‍ 26ഉം കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എസി മോഡലിലും ലഭിക്കുന്ന കാറില്‍ പക്ഷേ പവര്‍ സ്റ്റിയറിംഗ് ഇല്ല.
ഏറ്റവും വലിയ സവിശേഷത അതിന്റെ വിലക്കുറവ് തന്നെയാണ്. മാരുതി 800ന്റെ പകുതി വിലയ്ക്ക് ടാറ്റാ നാനോ സ്വന്തമാക്കാം. ഒരു 100സിസി ബൈക്കിന്റെ നേരെ ഇരട്ടി മാത്രമാണ് വില. കോളെജ് കുമാരന്മാര്‍ക്കും ഇനി കാറില്‍ കോളെജില്‍ പോകാമെന്ന സ്ഥിതി വന്നു.
ബൈക്കിനെയും സ്ക്കൂട്ടറിനെയും അപേക്ഷിച്ച് യാത്ര കൂടുതല്‍ സുരക്ഷിതമാവും. ഭാര്യയെയും രണ്ടു കുട്ടികളെയുമിരുത്തി പേടിച്ചരണ്ട് സ്ക്കൂട്ടര്‍ ഓടിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന് ഒന്ന് ശ്രമിച്ചാല്‍ ഈ കാര്‍ വാങ്ങാം.
ഇന്ത്യയില്‍ നാലു കാര്‍ ഫാക്ടറികളാണ് നാനോയ്ക്കു വേണ്ടി മാത്രമായി ടാറ്റ ആരംഭിക്കുന്നത്. പശ്ചിമ ബംഗാളിലെ സിംഗൂരിലെ ഫാക്ടറിയില്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന പ്രതീക്ഷ.
ടാറ്റയെ ഭയന്ന് ഇനിയും പലരും ഈ മേഖലയില്‍ പണം മുടക്കുമ്പോള്‍ വിപണി ചെറുകാറുകളെക്കൊണ്ട് നിറയും. പരിസ്ഥിതി മലിനീകരണത്തിന് ഇത് കാരണമാകുമെന്ന് പലരും ഇപ്പോഴേ ഭയന്നു തുടങ്ങി.
മെട്രോ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പതിന്മടങ്ങാകുമെന്നതാണ് നാനോ സൃഷ്ടിക്കാവുന്ന മറ്റൊരു പ്രശ്നം. ടാറ്റയെ അനുകരിച്ച് ഈ മേഖലയില്‍ മറ്റു കമ്പനികളും ഉത്പാദനം തുടങ്ങുന്നതോടെ നിരത്തിലെ സ്വകാര്യ കാറുകളുടെ എണ്ണം പതിന്മടങ്ങ് ഉയരും. ഇത് സൃഷ്ടിക്കുന്ന പരിസര മലീനീകരണവും ഗതാഗതക്കുരുക്കും ഭയാനകമാകും.
രാജ്യത്തെ എണ്ണ ഉപയോഗം പതിന്മടങ്ങു വര്‍ദ്ധിക്കും. ഇപ്പോള്‍തന്നെ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
വലിയൊരു സ്വപ്നമാണ് രത്തന്‍ ടാറ്റ യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ അതിന് ഇന്ത്യ വന്‍വില നല്‍കേണ്ടി വരുമോ എന്ന് പലരും ഭയക്കുന്നുണ്ട്. യാഥാര്‍ത്ഥ്യമാകുന്ന ഒരു മഹാസ്വപ്നം ഒട്ടേറെ തലവേദനകളെയും ക്ഷണിച്ചു വരുത്തുന്നു.
![]()
![]()












Click it and Unblock the Notifications