വിവാഹ ബന്ധം വിലയിരുത്താന്‍ 15ദിവസം പോരെന്ന് കോടതി
ദില്ലി: പതിനഞ്ചു ദിവസം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ ബന്ധം പരാജയമാണെന്ന് വിലയിരുത്താനാകില്ലെന്ന് കോടതി.
വിവാഹമോചനം ആവശ്യപ്പെട്ട് നാവികസേനാ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ ജഡ്‌ജി അതുല്‍കുമാര്‍ ഗാര്‍ഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പതിനഞ്ച് ദിവസം കൊണ്ട് ദമ്പതികള്‍ക്ക് പരസ്‌പരം മനസ്സിലാക്കാനും വിട്ടുവീഴ്‌ചകള്‍ ചെയ്യാനും കഴിഞ്ഞെന്നുവരില്ല. വിവാഹ ബന്ധത്തെ വിലയിരുത്താന്‍ പതിനഞ്ച് ദിവസം ഒട്ടും മതിയാകില്ല- കോടതി വിശദീകരിച്ചു.
ഭാര്യ തന്നോട് മോശമായ രീതിയിലണ് പെരുമാറുന്നതെന്നും കുടുംബജീവിതത്തില്‍ സഹകരിക്കുന്നില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ പരാതി. എന്നാല്‍ കേസില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
വിവാഹശേഷം തങ്ങള്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഒന്നിച്ചുജീവിക്കാന്‍ തയ്യാറാണെന്നുമുള്ള ഭാര്യയുടെ മൊഴി വിശ്വാസത്തിലെടുക്കകയാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന് ഒന്നിച്ചുള്ള ജീവിതം വേണ്ടെന്നാണെങ്കിലും ഭാര്യ അതിന് തയ്യാറാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
2002 സെപ്‌റ്റംബര്‍ 19നാണ് ഈ ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ഒന്നിച്ചു ജീവിക്കാന്‍ തയ്യാറുള്ള ഭാര്യയെ നിര്‍ബ്ബന്ധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് തെറ്റാണെന്നും കോടതി നരീക്ഷിച്ചു.












Click it and Unblock the Notifications