ഗില്‍ക്രിസ്റ്റ് വിരമിയ്ക്കുന്നു
അഡ്‌ലെയ്‌ഡ്: എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായ ആഡം ഗില്‍ക്രിസ്റ്റ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.
അഡ്‌ലെയ്‌ഡില്‍ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാനത്തെ ടെസ്റ്റായിരിക്കുമെന്ന് ആസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റ് പ്രഖ്യാപിച്ചു.
ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയെന്ന റിക്കാര്‍ഡ് (414) സ്വന്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഗില്ലി വിരമിയ്‌ക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കുംബ്ലെയെ പുറത്താക്കിയാണ് ഗില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറില്‍ നിന്നും റിക്കാര്‍ഡ് തന്റെ പേരിലാക്കിയത്.
ടെസ്‌റ്റ് പരമ്പരയ്‌ക്കു ശേഷം നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയോടെ ക്രിക്കറ്റില്‍ നിന്നും സമ്പൂര്‍ണമായി ഗില്‍ക്രിസ്റ്റ് വിട പറയുമെന്ന് ഊഹാപോഹങ്ങളുണ്ട്.
വിക്കറ്റിന് പിന്നിലും മുന്നിലും ഒരു പോലെ വിശ്വസ്‌തനായിരുന്ന ഗില്‍ക്രിസ്റ്റ് ആസ്‌ട്രേലിയക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. മറ്റ് ടീമുകളില്‍ നിന്ന് എന്നും ഓസീസിനെ വേര്‍തിരിച്ചു നിര്‍ത്തുന്നതിന്റെ പ്രധാന ഘടകം കൂടിയായിരുന്നു ഗില്‍ക്രിസ്‌റ്റിന്റെ സാന്നിധ്യം.
ഓസ്‌ട്രേലിയക്ക് ലോക ക്രിക്കറ്റില്‍ മേധാവിത്വം നേടിത്തരുന്നതിന് ഇത്രയധികം സഹായിച്ച താരമുണ്ടോയെന്ന് സംശയമാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ ഓസീസ് ക്രിക്കറ്റിന്റെ ചരിത്രം ഗില്ലിയുടെതും കൂടിയാണ്.
സാധാരണ ഗതിയില്‍ കീപ്പര്‍മാര്‍ ടീമിന്റെ ബാറ്റിംഗ് നിരയ്‌ക്കെന്നും ഭാരമാകാറാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചു വ്യത്യസ്‌തനായിരുന്നു ഗില്‍ക്രിസ്റ്റ്.
2007ല്‍ നടന്ന ലോക കപ്പ് ഫൈനലിലെ പ്രകടനം ഇതിന് സാക്ഷ്യമായി നില്‌ക്കുന്നു. 95 ടെസ്റ്റുകളില്‍ നിന്നായി 47.89 ശരാശരിയോടെ 5556 റണ്‍സ് ഗില്‍ക്രിസ്‌റ്റ് നേടിയിട്ടുണ്ട്. 277 മത്സരങ്ങളില്‍ നിന്ന് 36.03 ശരാശരിയോടെ നിന്ന് 9279 റണ്‍സാണ് ഗില്ലിയുടെ ഏകദിന സമ്പാദ്യം.
ആസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഗില്‍ക്രിസ്റ്റിന്റെ വിടവ് വന്‍ പ്രതിസന്ധിയാണ് വരുത്താന്‍ പോകുന്നത്. കാരണം ഗില്ലിനു പകരം ഗില്‍ മാത്രമേയുള്ളുവെന്നത് നന്നായി അറിയുന്നത് അവര്‍ക്കു തന്നെയാണ്.












Click it and Unblock the Notifications