മന്ത്രി പങ്കെടുത്ത ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ അക്രമം
പത്തനംതിട്ട: ഗതാഗതവകുപ്പുമന്ത്രി മാത്യു ടി. തോമസ് പങ്കെടുത്ത, ആരോഗ്യവകുപ്പിന്റെ ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തി. തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേര്‍ക്ക് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്‌തു.
പത്തനംതിട്ട ജനറല്‍ ആസ്‌പത്രിക്കടുത്തുള്ള ഓഡിറ്റോറിയത്തിലാണ് പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഉദ്‌ഘാടനച്ചടങ്ങ് നടന്നത്. മന്ത്രിയായിരുന്നു ഉദ്‌ഘാടകന്‍. ചെങ്ങറ സുരേന്ദ്രന്‍ എം.പി., അഡ്വ. കെ.ശിവദാസന്‍ നായര്‍ എംഎല്‍എ., കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരും വേദിയിലുണ്ടായിരുന്നു.
മന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴാണ് മുപ്പതിലേറെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ഹാളിലേക്ക് ഇടിച്ചുകയറിയത്.
കൊടികെട്ടിയ കമ്പുകള്‍ ചുഴറ്റി വേദിക്കുമുമ്പിലേക്ക് പാഞ്ഞെത്തിയവരെക്കണ്ട് സദസ്സിലുള്ളവര്‍ ഓടിമാറി. തിരക്കിലകപ്പെട്ട് അങ്കണ്‍വാടി അധ്യാപികയുടെ കാലിന് പൊട്ടലുണ്ടായി. മറിഞ്ഞുവീണ് നാലുപേര്‍ക്ക് നിസ്സാര പരിക്കുപറ്റി. ചിലര്‍ക്ക് കമ്പുകൊണ്ട് അടിയേറ്റു.
യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കസേരകള്‍ വലിച്ചെറിയുകയും അവ തല്ലിത്തകര്‍ക്കുകയും ചെയ്‌തു. വളരെക്കുറച്ച് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രവര്‍ത്തകരെ തടയാനുള്ള ഇവരുടെ ശ്രമം ഫലിച്ചില്ല. പ്രവര്‍ത്തകരില്‍ ചിലര്‍ വേദിയില്‍ ചാടിക്കയറുകയും ചെയ്‌തു.
പത്തുമിനിട്ടോളം നീണ്ട അക്രമത്തിനുശേഷം ഹാള്‍ വിട്ടിറങ്ങിയ പ്രവര്‍ത്തകര്‍ ജനറല്‍ ആസ്‌പത്രിപ്പടിക്കല്‍ ധര്‍ണ നടത്തുമ്പോഴാണ് സി.ഐ. സുധാകരന്‍പിള്ളയുടെ നേതൃത്വത്തിലെത്തിയ പോലീസ് ഇവരെ അറസ്റ്റുചെയ്‌തത്.
ജീവന്‍രക്ഷാ മരുന്നുകളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ചും ജനറല്‍ ആസ്‌പത്രിയിലെ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്കു കാരണക്കാരായവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രകടനം. ജില്ലാ പ്രസിഡന്റ് അഡ്വ. എ.സുരേഷ്‌കുമാര്‍ പ്രകടനം നയിച്ചു.
ജനറല്‍ ആസ്‌പത്രിപ്പടിക്കല്‍ ധര്‍ണ നടത്താനായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നത്. അവിടെ കുറച്ചു പോലീസുകാര്‍ ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ പരിപാടിയില്‍ മന്ത്രി പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ് പ്രതിഷേധപ്രകടനം അങ്ങോട്ടു മാറ്റുകയായിരുന്നു.
ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തശേഷമാണ് മന്ത്രി മടങ്ങിയത്. ഈയിടെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ജനറല്‍ ആസ്‌പത്രിയില്‍ നടത്തിയ ഉപരോധസമരവും അക്രമാസക്തമായിരുന്നു.












Click it and Unblock the Notifications