ഡിവിഡി വേണോ, ഡിവിഡി...
ദില്ലി : ഏറ്റവും പുതിയ ഡിവിഡി വേണോ, ചേച്ചീ, എന്ന് ചോദിച്ച് ഉടന്‍ തന്നെ ഒരു സൈക്കിള്‍ വണ്ടി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിയേക്കാം. പച്ചക്കറി വില്‍പനക്കാരനെപ്പോലെ, ഉന്തുവണ്ടിയില്‍ ഐസ്ക്രീം വില്‍ക്കുന്നവരെപ്പോലെ, കല്ലുകൊത്താനുണ്ടോ എന്ന് ചോദിച്ച് ഊരു ചുറ്റുന്നവരെപ്പോലെ ഇതാ ഡിവിഡിയും വിസിഡിയും വീട്ടു പടിക്കലെത്തുന്നു. സംശയിക്കേണ്ട ഈ ആശയവും മൗസര്‍ ബെയറിന്റേതു തന്നെ.
മൗസര്‍ ബെയര്‍ ബ്രാന്‍ഡ് ചെയ്ത സൈക്കിള്‍ കാര്‍ട്ടുകളിലാണ് ഡിവിഡിയും വിസിഡിയും ഉപഭോക്താക്കളെ തേടിയിറങ്ങുന്നത്. ഇത്തരം നൂറു സൈക്കിള്‍ കാര്‍ട്ടുകള്‍ കമ്പനി നിരത്തിലിറക്കിയിട്ടുണ്ട്. കഴിയുന്നത്ര എണ്ണം ഉടന്‍ ഇറങ്ങുമെന്നാണ് കേള്‍ക്കുന്നത്.
"ആശാവഹമായ പ്രതികരണമാണ് ജനങ്ങളുടേത്. ഈ സാമ്പത്തിക വര്‍ഷം തന്നെ 2500 പുതിയ വണ്ടികള്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താവിന് സമീപത്തേയ്ക്ക് ഉല്‍പന്നമെത്തിക്കുക എന്നതു മാത്രമല്ല, മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് കൂടിയാണ് കമ്പനിയുടെ ഈ നീക്കം", മൗസര്‍ ബെയര്‍ എന്റര്‍ടെയിന്‍മെന്റ് ഡിവിഷന്‍ സിഒഒ ജി ധനഞ്ജയ് പറയുന്നു.
പച്ചക്കറി വിലയ്ക്ക് ഡിവിഡിയും വിസിഡിയും വില്‍ക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഈ നീക്കത്തോടെ ഡിവിഡി വിപണിയും വിപുലപ്പെടുത്താമെന്നാണ് മൗസര്‍ ബെയര്‍ കണക്കുകൂട്ടുന്നത്.
സോപ്പു്, ചീപ്പ്, ഷാംപൂ മുതലായവ വില്‍ക്കുന്ന കടകളിലും സിഡി ലഭ്യമാക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ട് ലക്സ് സോപ്പ് വാങ്ങിയാല്‍ ഒരു ആറാം തമ്പുരാന്‍ ഫ്രീ എന്ന പരസ്യം വരാനും ഇനിയധികം താമസമില്ല.
ചൈനാ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ മലവെളളപ്പാച്ചിലില്‍ ഇലക്ടോണിക് ഉപകരണങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 1500 രൂപയ്ക്ക് നല്ല ഡിവിഡി പ്ലെയര്‍ കിട്ടുമെന്നാണ് വിപണിയിലെ ഇപ്പോഴത്തെ അവസ്ഥ. ഇതോടെ വിസിഡിയുടെയും ഡിവിഡിയുടെയും വിലയിലും സാരമായ കുറവുണ്ടായി.
വിസിഡി, ഡിവിഡി എന്നിവ വന്‍ വിലക്കുറവിലാണ് മൗസര്‍ ബെയര്‍ വിപണിയിലിറക്കുന്നത്. വിസിഡിയാണെങ്കില്‍, പഴയ ചിത്രങ്ങള്‍ 30 രൂപ, പുതിയത് 34 എന്നതാണ് നിരക്ക്. ഡിവിഡിയാകട്ടെ പഴയ ചിത്രങ്ങള്‍ക്ക് 39ഉം പുതിയ ചിത്രങ്ങള്‍ക്ക് 49ഉമാണ് വില.
ഈയിടെ ഉയര്‍ത്തിയതാണ് ഈ നിരക്ക്. ചരക്കുകൂലിയും വാറ്റും മറ്റ് ഉല്‍പാദന ചെലവുകളും ഉയര്‍ന്നതാണ് കാരണമെന്നും ഇത് ഉപഭോക്താവിന്റെ തലയില്‍ വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് കമ്പനി നിലപാട്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ കൊല്‍ക്കൊത്തയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മൗസര്‍ ബെയര്‍ മൂന്ന് സൈക്കിള്‍ കാര്‍ട്ടുകള്‍ ഇറക്കിയത്. 35 സിനിമകളുടെ വിസിഡി, ഡിവിഡികളാണ് ഓരോ കാര്‍ട്ടിലും ഉണ്ടായിരുന്നത്. ഓരോ ചിത്രത്തിന്റെ അഞ്ച് കോപ്പികള്‍ വീതം ഉണ്ടാകും. ഒരു കാര്‍ട്ടിന് 20,000 മുതല്‍ 25,000 വരെയാണ് നിക്ഷേപം.
നിലവില്‍ 15 സിഡികളാണ് പ്രതിദിനം വില്‍ക്കപ്പെടുന്നത്. ലാഭമുണ്ടാകാന്‍ ഇത് പ്രതിദിനം 20 സിഡി എന്ന നിലയിലാകണമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ആ ലക്ഷ്യം വിദൂരമല്ലെന്ന് മൗസര്‍ ബെയര്‍ പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ ചിത്രങ്ങള്‍ എത്രയും വേഗം വീട്ടുപടിക്കലെത്തണമെന്നാണ് ഉപഭോക്താവ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ല. പുതിയ ചിത്രങ്ങളുടെ ഡിവിഡി അവകാശം എത്രയും വേഗം കൈക്കലാക്കി ഉപഭോക്താവിന്റെ ആഗ്രഹം നിറവേറ്റാനാണ് കമ്പനി ഒരുങ്ങുന്നത്. ചുരുക്കം പറഞ്ഞാല്‍ തീയേറ്ററില്‍ പോവുന്നവരുടെ എണ്ണം ഇനിയും കുറയും.












Click it and Unblock the Notifications