ഭക്ഷ്യകലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്‌എഒ
ദില്ലി: അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഭക്ഷ്യകലാപത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്കു കീഴിലുള്ള ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്‌എഒ) മുന്നറിയിപ്പു നല്‌കി.
കാര്‍ഷിക ഉത്‌പാദനത്തിനും സംഭരണത്തിനുമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിലുണ്ടായ വീഴ്‌ചയാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിയ്‌ക്കുന്നതിലേക്ക് രാജ്യങ്ങളെ നയിച്ചതെന്നും സംഘടന പത്രസമ്മേളനത്തില്‍ കുറപ്പെടുത്തി.
ഇന്ത്യയിലെ ഭക്ഷ്യ വില വര്‍ദ്ധന നിയന്ത്രിയ്‌ക്കാന്‍ നടപടികള്‍ സ്വീകരിയ്‌ക്കണമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. ജാക്വിഫ് ദിയൂഫ് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിനെ കണ്ട് ആവശ്യപ്പെട്ടു.
അതെ സമയം ഇന്ത്യയില്‍ ആശങ്കയ്‌ക്കു വകയില്ലെന്ന് പറഞ്ഞ് ശരദ് പവാര്‍ ആവശ്യത്തിലധികം ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്കുണ്ടെന്നും പറഞ്ഞു.
കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ ലോകമെമ്പാടും ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ 45% വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാണിച്ച ദിയൂഫ് ഇത് പെട്ടെന്നൊന്നും കുറയില്ലെന്നും വ്യക്തമാക്കി.
ലോക ജനതയെ മൂന്ന് മാസത്തേക്ക് തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യധാന്യ ശേഖരം മാത്രമേയുള്ളൂ. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യലഹളകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളിലേക്ക് ഇത് വ്യാപിയ്‌ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications