പ്രിയങ്ക നളിനിയെ കണ്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന നളിനിയെ പ്രിയങ്ക സന്ദര്‍ശിച്ചിട്ടില്ലെന്ന് വെല്ലൂര്‍ വനിതാ ജയില്‍ സൂപ്രണ്ട് രാജസൗന്ദരി.
വിവരാവകാശ നിയമമനുസരിച്ച് നളിനിയുടെ അഭിഭാഷകന്‍ ഡി രാജ്‌കുമാറിന് നല്‍കിയ മറുപടിയിലാണ് ജയില്‍ സൂപ്രണ്ട് പ്രിയങ്കയുടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
2008 മാര്‍ച്ച് 19നായിരുന്നു പ്രിയങ്കയും നളിനിയും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ഏപ്രില്‍ 16ന് ഇക്കാര്യം പ്രിയങ്ക തുറന്ന് സമ്മതിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ ജയില്‍ സൂപ്രണ്ടിന്റെ മറുപടി അനുസരിച്ച് മാര്‍ച്ച് 14നും 19നും നളിനിയെ ആരും സന്ദര്‍ശിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ അതീവ രഹസ്യമായി നടന്ന കൂടിക്കാഴ്‌ചയായതിനാല്‍ ജയില്‍ രേഖകളില്‍ പ്രിയങ്കയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല എന്നാണ് സൂചന.
രേഖകളില്‍ പേര് ഉള്‍പ്പെടുത്താത്തതിനാല്‍ ജയില്‍ അധികൃതര്‍ക്ക് ഇക്കാര്യം നിഷേധിയ്‌ക്കുകയേ നിവൃത്തിയുള്ളു. തെറ്റായ വിവരം നല്‍കിയതിന് ജയില്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നളിനിയുടെ അഭിഭാഷകന്‍ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തെറ്റായ വിവരം നല്‍കുന്നവര്‍ക്കെതിരെ പരാതിക്കാര്‍ക്ക് നിയമ നടപടി സ്വീകരിക്കാം. കുറ്റത്തിന് 25,000 രൂപയാണ് പിഴ നല്‍കേണ്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications