സംവരണ പ്രക്ഷോഭം: ഗുജ്ജാറുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്
ദൗസ: രാജസ്ഥാനിലെ ഗുജ്ജര്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ ശനിയാഴ്‌ചയുണ്ടായ പോലീസ് വെടിവെപ്പില്‍ 15 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് വെടിവെപ്പിലും സംഘര്‍ഷത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി.
പട്ടിക വര്‍ഗത്തിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗുജ്ജറുകള്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഏഴു മാസം മുമ്പും ഇവര്‍ സംവരണ പ്രശ്‌നമുന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
ദൗസ ജില്ലയിലെ സികെന്ദ്ര പോലീസ് സ്‌റ്റേഷന്‍ ജനക്കൂട്ടം തീവെച്ചതിനെ തുടര്‍ന്നാണ് പോലീസ് വെടിവെയ്‌പ് നടത്തിയത്. സംഘര്‍ഷാവസ്ഥ നിലനില്‌ക്കുന്ന ധുമിരിയ, കര്‍വാരി, ഗ്രാമങ്ങളില്‍ 800 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
റെയില്‍പ്പാളം തകര്‍ത്ത പ്രക്ഷോഭകാരികളെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗവുമാണ് വെള്ളിയാഴ്‌ചത്തെ സംഘര്‍ഷത്തിനും 16 പേരുടെ മരണത്തിനും ഇടയാക്കിയത്. വെള്ളിയാഴ്‌ചത്തെ സംഘര്‍ഷത്തിലും വെടിവെപ്പിലും പ്രതിഷേധിച്ച് ഗുജ്ജാറുകള്‍ ശനിയാഴ്‌ച ബന്ദ് പ്രഖ്യാപിച്ചിരുന്നു.
ഗുജ്ജാര്‍ സമുദായത്തെ പട്ടിക വര്‍ഗ്ഗത്തിലുള്‍പ്പെടുത്തും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നാണ് സമുദായ നേതൃത്വം അറിയിച്ചിരിയ്‌ക്കുന്നത്.
ഗുജ്ജാറുകളെ പട്ടിക വര്‍ഗ്ഗത്തിലുള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്‌തു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതില്‍ കുറഞ്ഞ യാതൊന്നും കൊണ്ട് തങ്ങള്‍ തൃപ്‌തരാകില്ലെന്ന് ഗുജ്ജാര്‍ സംവരണ പ്രക്ഷോഭ സമിതി നേതാവ് കിരോരി സിങ് ഭായിന്‍സ് പറഞ്ഞു.
ഇതിനിടെ ഗുജ്ജാര്‍ പ്രക്ഷോഭത്തിന്റെ പേരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications