പിഎഫ് തുക സ്വകാര്യ സംരംഭകരിലേക്ക്
ദില്ലി: നാലു കോടിയോളം വരുന്ന രാജ്യത്തെ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ ഒരു വിഹിതം ഓഹരി വിപണിയില്‍ നിക്ഷേപിയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
2,40,000 കോടി രൂപയുടെ പി.എഫ് തുക ഇതു വരെ കൈകാര്യം ചെയ്‌തിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പങ്കാളി മാത്രമാക്കി ഐസിഐസിഎ പ്രൂഡന്‍ഷ്യല്‍, എച്ച്‌എസ്‌ബിസി, റിലയന്‍സ് ക്യാപിറ്റല്‍ അസറ്റ് മാനേജ് മെന്റ് കന്പനി എന്നീ സ്വകാര്യ സംരഭകര്‍ക്ക് കൂടി ചുമതല നല്കി.
കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോവിഡന്റ് ട്രസ്‌റ്റിമാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇടതുപക്ഷത്തിന്റെയും തൊഴിലാളി സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ നടപടി.
ഓരോ വര്‍ഷവും പി.എഫ് തുകയില്‍ നിന്ന് 30,000 കോടി രൂപയോളമാണ് ഓഹരി വിപണിയില്‍ നിക്ഷേപിയ്‌ക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് ലഭ്യമാക്കുക.
ഫണ്ട് മാനേജര്‍മാരെ നിശ്ചയിക്കാന്‍ രൂപവത്‌ക്കരിച്ച ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി ലേല നടപടികള്‍ക്ക് ശേഷം രണ്ട് കമ്പനികളെയാണ് ആദ്യം തിരഞ്ഞെടുത്തിരുന്നത്. പിന്നീട് റിലയന്‍സ് ക്യാപിറ്റലിനെ പട്ടികയില്‍ തിരുകി കയറ്റുകയായിരുന്നു.
വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ സഹായിച്ച സമാജ് വാദി പാര്‍ട്ടിയ്‌ക്കുള്ള പ്രത്യുപകാരമായാണ് റിലയന്‍സ് കമ്പനിയുടെ പേര് കൂട്ടിച്ചേര്‍ത്തതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
സമാജ്‌വാദി പാര്‍ട്ടി നേതൃത്വവും റിലയന്‍സുമായുള്ള ബന്ധം ഒരു പരസ്യമായ രഹസ്യമാണെന്നത് ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടിയിട്ടുണ്ട്.
പിഎഫ് തുക മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിയ്‌ക്കരുതെന്നും പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിയ്‌ക്കണമെന്നുമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനെ ശക്തമായി എതിര്‍ത്തു കൊണ്ടിരുന്ന ഇടതുപക്ഷത്തിന്റെയും തൊഴിലാളി യൂണിയനുകളുടെയും ആവശ്യം. പ്രത്യക്ഷത്തില്‍ ഐഎന്‍ടിയുസി ഒഴികെയുള്ള എല്ലാ സംഘടനകളും സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു.












Click it and Unblock the Notifications