എട്ടുമക്കളുമായി വിന്‍സന്റെയും ലില്ലിയുടെയും പ്രതിഷേധ പ്രകടനം
തൃശൂര്‍: രണ്ടില്‍ക്കൂടുതല്‍ കുട്ടികളുണ്ടായാല്‍ പതിനായിരം രൂപ പിഴ നല്‍കണമെന്ന വി.ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള നിയമപരിഷ്‌കരണ സമിതിയുടെ ശുപാര്‍ശകള്‍ വിന്‍സണെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ശുപാര്‍ശ കെട്ട് വിന്‍സണ്‍ ഞെട്ടാന്‍ കാരണമുണ്ട്. ഇദ്ദേഹത്തിന് എട്ടാണ് മക്കള്‍. നിയമപരിഷ്‌കരണസമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ താന്‍ കുരുക്കിലാകുമെന്ന് മനസ്സിലാക്കിയ വിന്‍സണ്‍ പിന്നെ ഒട്ടും താമസിച്ചില്ല. ഭാര്യയെയും മക്കളെയും കൂട്ടി തെരുവിലിറങ്ങി അവകാശത്തിനായി സമരം ചെയ്യാന്‍ തന്നെ തീരുമാനിച്ചു.
തന്റെ എട്ടുമക്കളുമായി ശുപാര്‍ശക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലെക്കാര്‍ഡുകളുമായാണ് വിന്‍സണും ഭാര്യ ലില്ലിയും പ്രതിഷേധത്തിനിറങ്ങിയത്. തൃശൂര്‍ സ്വരാജ് റൗണ്ടിലായിരുന്നു മനുഷ്യാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമെതിരായ നിമയപരിഷ്‌കരണ സമിതിയുടെ ശുപാര്‍ശകള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയുണര്‍ത്താന്‍ വിന്‍സണും കുടുംബവും പ്രതിഷേധപ്രകടനം നടത്തിയത്.
ശനിയഴ്‌ച വൈകീട്ടായിരുന്നു കുടുംബത്തിന്റെ പ്രതിഷേധ പ്രകടനം. വിന്‍സണ്‍, ലില്ലി പതിനെട്ടു വയസ്സുമുതല്‍ മൂന്നരവയസ്സുവരെ പ്രായമുള്ള എട്ടുമക്കള്‍ എന്നിവര്‍ പ്ലെക്കാര്‍ഡുകളുമേന്തി നടുവിലാല്‍ പരിസരത്തുനിന്നും കോര്‍പ്പറേഷന്‍ ഓഫീസിലേയ്‌ക്ക് പ്രകടനം നടത്തി. ഇത് സാംസ്‌കാരിക നഗരിയുടെ കണ്ണുകള്‍ക്ക് പുതുമയാവുകയും ചെയ്‌തു.
മക്കളെ സ്വീകരിക്കാനുള്ള മാതാപിതാക്കളുടെ അവകാശം നിലനിര്‍ത്തുക. കൂടുതല്‍ മക്കളുണ്ടായാല്‍ അവകാശനിഷേദം, ആനുകൂല്യ നിഷേധം എന്നിങ്ങനെയുള്ള കിരാത നിയമങ്ങള്‍ നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, മക്കള്‍ ദൈവികദാനം എന്നിങ്ങനെയുള്ള വാചകങ്ങളാണ് പ്ലെക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്.
മുണ്ടൂര്‍ കൊള്ളന്നൂര്‍ സ്വദേശിയായ വിന്‍സണ്‍ ജീസസ് യൂത്ത് പ്രോലൈഫ് പ്രവര്‍ത്തകനാണ്. തട്ടുകട നടത്തിയാണ് ഇദ്ദേഹം കുടുംബം പുലര്‍ത്തുന്നത് .
പ്രകടനത്തിന് സമാപനം കുറിച്ച് കോര്‍പ്പറേഷന്‍ പരിസരത്തു ചേര്‍ന്ന യോഗത്തില്‍ കെസിവൈഎം കാത്തലിക് യൂണിയന്‍ അതിരൂപത ചെയര്‍മാന്‍ ഡേവിസ് പുത്തൂര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സിവി കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാഹം കഴിഞ്ഞപ്പോള്‍ത്തന്നെ നാലഞ്ചുമക്കള്‍ വേണമെന്ന് വിന്‍സണും ലില്ലിയും തീരുമാനിച്ചിരുന്നുവത്രേ. മാസം അയ്യായിരം രൂപയുടെ ബജറ്റാണ് കുടുംബത്തിന്, അഞ്ച് ആണ്‍മക്കളും മൂന്നുപെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്.
എല്ലാം സാധാരണ പ്രസവങ്ങളായിരുന്നുവെന്നും ഒന്നിനും ഒരു ബുദ്ധിമുട്ടും ഇന്നേവരെ നേരിട്ടിട്ടില്ലെന്നും ലില്ലി പറയുന്നു. നേരത്തേ ഭ്രൂണഹത്യയ്‌ക്കെതിരെ മുണ്ടൂര്‍ സെന്ററില്‍ വിന്‍സണും കുടുംബവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications