അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിച്ച പ്യൂണ്‍ അറസ്റ്റില്‍
തിരുവനന്തപുരം: അധ്യാപികമാരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി മോര്‍ഫിംഗിലൂടെ അശ്ലീലചിത്രങ്ങളാക്കിയതിന് പിടിയിലായ പേട്ട ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്യൂണ്‍ പ്രേം നിവാസിനെ സസ്‌പെന്റ് ചെയ്‌തു.
ആഗസ്റ്റ് അഞ്ചിനാണ് ഇയാള്‍ അധ്യാപികമാരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയകാര്യം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഒരു അധ്യാപികയോട് പ്രേംനിവാസ് മൊബൈല്‍ ചോദിച്ചുവാങ്ങി. അതിലെ പാട്ടുകള്‍ കോപ്പി ചെയ്യാനാണെന്ന് പറഞ്ഞാണ് മൊബൈല്‍ വാങ്ങിയത്.
ഈ സമയത്ത് പ്രിന്‍സിപ്പല്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപക പ്രിന്‍സിപ്പലിന്റെ മുറിയിലേയ്‌ക്ക് പോയി. ഈ തക്കംനോക്കി ഇയാള്‍ ബ്ലൂടൂത്ത് വഴി കുറെ ചിത്രങ്ങള്‍ അധ്യാപികയുടെ മൊബൈലിലേയ്‌ക്ക് അയച്ചു. തിരിച്ചെത്തിയ അധ്യാപിക ബ്ലൂടൂത്ത് ഓപ്പണായി കിടക്കുന്നത് കണ്ട് ചോദിച്ചപ്പോള്‍ പൂക്കളുടെ ചിത്രങ്ങള്‍ അയച്ചതാണെന്നാണ് പ്രേംനിവാസ് മറുപടി പറഞ്ഞത്.
വീട്ടിലെത്തിയ അധ്യാപിക ഭര്‍ത്താവുമൊത്ത് മൊബൈലിലെ ചിത്രങ്ങള്‍ കാണുന്നതിനിടെയാണ് അശ്ലീലചിത്രങ്ങള്‍ കണ്ടത്. അധ്യാപികയുടെ ചിത്രങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത നിലയിലായിരുന്നു. പിറ്റേദിവസം അധ്യാപിക വിവരം പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും അറിയിച്ചെങ്കിലും സംഭവം ഒതുക്കിത്തീര്‍ക്കാനായിരുന്നു തീരുമാനം.
ഏഴാംതിയതി പ്രേംനിവാസില്‍ നിന്നും സ്റ്റാഫ് സെക്രട്ടറി മൊബൈല്‍ പിടിച്ചുവാങ്ങി നോക്കിയതോടെ കാര്യങ്ങളുടെ ഗതി മാറുകയായിരുന്നു. ഇതില്‍ അഞ്ച് അധ്യാപികമാരുടെയും കുറെ വിദ്യാര്‍ത്ഥിനികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ 180ലധികം ചിത്രങ്ങളുണ്ടായിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എത്തി ശനിയാഴ്‌ചയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ശനിയാഴ്‌ച ഉച്ചവരെ സ്‌കൂളിലുണ്ടായിരുന്ന പ്രേം കാര്യങ്ങള്‍ വഷളാവുന്നുവെന്ന് തോന്നിയതോടെ സ്ഥലം വിട്ടു. ശംഖുമുഖം അസിസ്‌റ്റന്റ് കമ്മീഷണര്‍ സനല്‍കുമാര്‍, പേട്ട സിഐ മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയോടെ പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications