വിവാഹങ്ങളുടെയും പ്രസവങ്ങളുടെയും നാള്‍
ബെയ്‌ജിങ്: എട്ട് ചൈനയുടെ ഭാഗ്യനമ്പരാണ് അതുകൊണ്ടുതന്നെ ഏട്ടുകളുടെ സംഗമമെന്ന അപൂര്‍വ്വതയുമായെത്തിയ വെള്ളിയാഴ്‌ച ചൈനയില്‍ വിവാഹങ്ങളുടെയും പ്രസവങ്ങളുടെയും ദിനമായിരുന്നു.
ഇരുപത്തിയൊന്‍പതാമത് ഒളിമ്പിക്‌സിന് തുടക്കം കുറിച്ചുവെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. എട്ടുകളുടെ സംഗമദിനത്തില്‍ ഭാഗ്യം വരുമെന്ന് കരുതി ലോകത്തെമ്പാടുമായി ഒട്ടേറെയാളുകള്‍ വെള്ളിയാഴ്‌ച വിവാഹിതരായി. മാത്രമല്ല കുട്ടികളുടെ ജനനം ഈ ദിനത്തില്‍ വന്നെത്തുന്നിനായി കാത്തിരുന്നവരും കുറവല്ല.
വെള്ളിയാഴ്‌ച വിവാഹം നടത്തുന്നതിനായി ബെയ്‌ജിങില്‍ മാത്രം 16,400 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഷാങ്‌ഹായില്‍ മാത്രം 5000 പേര്‍ വെള്ളിയാഴ്‌ച വിവാഹിതരായി. ചൈനയിലെ മറ്റു നഗരങ്ങളിലും വിവാഹ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്‌ച കുത്തനെ ഉയര്‍ന്നു.
വെള്ളിയാഴ്‌ചത്തെ എട്ടിന്റെ ഭാഗ്യം നഷ്ടപ്പെടാതിരിക്കാന്‍ തയ്യാറായ ഗര്‍ഭിണികളുടെ എണ്ണവും അമ്പരപ്പിക്കുന്നതായിരുന്നു. എട്ടുകളുടെ സംഗമദിനത്തില്‍ തങ്ങളുടെ കുഞ്ഞിന് ജന്മം നല്‍കാനായി മിക്ക അമ്മമാരും ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായി. മിക്ക ആശുപത്രികളിലും ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
എന്നാല്‍ എല്ലാവരും മൂന്ന് എട്ടുകളുടെ സംഗമത്തെ ലക്ഷ്യമിട്ടപ്പോള്‍ അമേരിക്കക്കാരിയായ ലിന്‍ഡ്‌സെ ഹായുര്‍ ലക്ഷ്യമിട്ടത് അഞ്ച് എട്ടുകളുടെ സംഗമമായിരുന്നു. വെള്ളിയാഴ്‌ച കാലത്ത് 8.08ന് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മിന്നസോട്ടയിലെ ലേക് റീജ്യണ്‍ ഹോസ്‌പ്‌റ്റലിലായിരുന്നു ലിന്‍ഡ്‌സെയുടെ പ്രസവം.
എട്ടുകളുടെ ഭാഗ്യവുമായി വന്ന ഹെയ്‌ലി ജോ ഹായുര്‍ ആരോഗ്യവതിയാണെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിലും ഒട്ടേറെയാളുകള്‍ എട്ടുകളുടെ സംഗമദിനത്തില്‍ വിവാഹിതരായിട്ടുണ്ട്. മിക്കയിടങ്ങളിലും സാധാരണനിലയിലുള്ളതിനേക്കാളും ഇരട്ടിയോളം വിവാഹങ്ങളാണ് വെള്ളിയാഴ്‌ച നടന്നത്. ഏഴുകളുടെ സംഗമമായ 2007 ജൂലൈയിലും ഭാഗ്യസിദ്ധിയ്‌ക്കായി ലോകത്തെമ്പാടുമായി ഒട്ടേറെപ്പേര്‍ ശുഭകാര്യങ്ങള്‍ നടത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications