ജോര്‍ജ്ജിയയില്‍ പോരാട്ടം രൂക്ഷം; 1500 മരണം
ടെബിലീസി(ജോര്‍ജിയ): തങ്ങളുടെ അധീനയിലാണെന്ന് ജോര്‍ജിയ അവകാശപ്പെടുന്ന ദക്ഷിണ ഒസേഷ്യയില്‍ റഷ്യന്‍-ജോര്‍ജിയന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ 1500 ഓളം പേര്‍ കൊല്ലപ്പെട്ടു.
ജോര്‍ജിയന്‍ പ്രവിശ്യയായ തെക്കന്‍ ഒസേറ്റിയിലെ വിമത പോരാളികളെ സഹായിക്കാനെത്തിയ റഷ്യയുടെ സര്‍ വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണമാണ് മരണ സംഖ്യ കൂട്ടാനിടയാക്കിയത്.
അക്രമണത്തില്‍ സ്‌ത്രീകളും കുട്ടികളുമുള്‍പ്പടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെ കെട്ടിടങ്ങളും അക്രമണത്തില്‍ തകര്‍ന്നു. കരിങ്കടലിലെ പോടി തുറമുഖം വ്യോമാക്രമണത്തില്‍ റഷ്യ തകര്‍ത്തു.
വിമതരുടെ നേതൃത്വത്തിലുള്ള തെക്കന്‍ ഒസേറ്റിയ തിരിച്ചു പിടിയ്‌ക്കാന്‍ ജോര്‍ജിയ സൈനികാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പ്രവിശ്യാ തലസ്ഥാനമായ സ്‌കിന്‍വാലിയില്‍ റഷ്യ-ജോര്‍ജിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിസന്ധി നേരിടാനായി ഇറാഖിലുള്ള 2000 സൈനികരെ ജോര്‍ജിയ തിരിച്ചു വിളിച്ചിട്ടുണ്ട്. അമേരിക്കയുടെ ശക്തമായ പിന്തുണയുള്ള രാജ്യമാണ് ജോര്‍ജിയ.
ബോംബാക്രമണം ഉടന്‍ അവസാനിപ്പിയ്‌ക്കണമെന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ബെയ്‌ജിങിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആവശ്യപ്പെട്ടു. യുദ്ധം നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ദക്ഷിണ ഒസേഷ്യയില്‍ വെടിനിര്‍ത്തലിന് ജോര്‍ജിയന്‍ പ്രസിഡന്റ് മിഖായേല്‍ സ്‌കാഷ് വിലി ആഹ്വാനം ചെയ്‌തു. ഇതനുസരിച്ച് ജോര്‍ജിയന്‍ സൈന്യം ഇവിടെ നിന്നും പിന്‍വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ഒസേഷ്യയില്‍ നിന്ന് ജോര്‍ജിയ സൈന്യത്തെ പിന്‍വലിയ്‌ക്കുക മാത്രമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിനുള്ള പരിഹാരമെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ബുഷുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ബെയ്‌ജിങിലുണ്ടായിരുന്ന റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദമിര്‍ പുട്‌ചിന്‍ റഷ്യയില്‍ തിരിച്ചെത്തി.












Click it and Unblock the Notifications