മരുന്ന് പരീക്ഷണം: എയിംസില്‍ 49 കുട്ടികള്‍ മരിച്ചു
ദില്ലി: വിദേശ നിര്‍മിത മരുന്നുകളുടെ പരീക്ഷണത്തിനിടെ ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സിസ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 49 കുട്ടികള്‍ മരിച്ചു.
വിവരാവകാശ നിയമപ്രകാരം നല്‌കി അപേക്ഷയിലാണ് ഈ ഞെട്ടിയ്‌ക്കുന്ന വിവരം പുറത്തു വന്നിരിയ്‌ക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‌കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഒരു വയസ് തികയാത്ത കുഞ്ഞുങ്ങളാണ് മരിച്ചവരില്‍ ഏറെയും. ആശുപത്രിയിലെ ശിശു രോഗ വിഭാഗം 2006 ജനുവരി ഒന്നു മുതല്‍ 4,142 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്. 42 ഇനം പരീക്ഷണങ്ങളായിരുന്നു ഇവിടെ സംഘടിപ്പിച്ചത്.
സന്നദ്ധ സംഘടനയായ ഉദയ് ഫൗണ്ടേഷനിലെ രാഹുല്‍ വര്‍മ്മയാണ് വിവരവകാശ നിയമ പ്രകാരം അപേക്ഷ നല്‌കിയിരുന്നത്.
വിദേശ രാജ്യങ്ങളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ വേദിയാകുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരി വെയ്‌ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിയ്‌ക്കുന്ന വിവരങ്ങള്‍.
അതെ സമയം എല്ലാ കുട്ടികളും മരിച്ചത് പരീക്ഷണം കാരണമല്ലെന്ന് എയിംസ് അധികൃതര്‍ പറയുന്നു. പരീക്ഷണങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം, എത്തിക്‌സ് കമ്മിറ്റി എന്നിവയുടെ അനുമതിയ്‌ക്ക് പുറമെ ആശ്രിതരുടെയും രോഗികളുടെയും അനുവാദം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications