കുര്‍ദ്ദിസ്ഥാനില്‍ വന്‍ നിക്ഷേപ സാധ്യത: ഖാദര്‍ പിള്ള
ദില്ലി: അമേരിക്കന്‍ അക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇറാഖില്‍ മലയാളിയുടെ വ്യവസായ സംരംഭം. കുവൈത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന കാനൂസ് ഗ്രൂപ്പ് ചെയര്‍മാനായ ഖാദര്‍ പിള്ളയാണ് 110 കോടി രൂപ മുതല്‍ മുടക്കി ഇറാക്കില്‍ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിയ്‌ക്കുന്നത്.
ഇറാക്കിന്റെ ഭാഗമായ കുര്‍ദ്ദിസ്ഥാനിലാണ് പ്ലാന്റ് സ്ഥാപിയ്‌ക്കുന്നതെന്ന് ഖാദര്‍പിള്ള ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആരംഭിയ്‌ക്കുന്ന പ്ലാന്റന്റെ പ്രതിദിന ഉത്‌പാദനശേഷി 200 ടണ്ണാണ്. യുകെ കമ്പനിയായ ഐപിബിഡിയുമായി ചേര്‍ന്നാണ് കാനൂസ് ഗ്രൂപ്പ് പദ്ധതി നടപ്പാക്കുന്നത്.
ഇറാക്കില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളൊന്നും കുര്‍ദ്ദിസ്ഥാനിലില്ലെന്ന് ഖാദര്‍പിള്ള ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യവസായികള്‍ക്ക് വന്‍ നിക്ഷേപ സാധ്യതകളുള്ള ഇടമാണ് കുര്‍ദ്ദിസ്ഥാന്‍. മുമ്പ് സദ്ദാം ഭരിച്ചിരുന്നപ്പോഴും കുര്‍ദ്ദിസ്ഥാന്‍ സ്വയം ഭരണാധികാരമുള്ള പ്രദേശമായിരുന്നു.
ഇറാക്കിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ അയക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനപരിശോധിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് നിഷേധിയ്‌ക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ പാകിസ്‌താനികളും ബംഗ്ലാദേശികളും മുതലെടുക്കുകയാണ്.
കേരളത്തില്‍ തുടരെതുടരെ ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചാരം നടത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് നിക്ഷേപ സാഹചര്യം ഉണ്ടാകുകയുള്ളു.കേരളത്തിലെ ടൂറിസം മേഖലയില്‍ കാനൂസ് ഗ്രൂപ്പ് ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഖാദര്‍പിള്ള പറഞ്ഞു.
കൊച്ചിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിയ്‌ക്കുന്നതിനുള്ള സ്ഥലം കൊച്ചിയില്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഗുരുവായൂരും പാലക്കാട്ടും ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്. നെടുമ്പാശ്ശേരിയ്‌ക്കടുത്ത് ഏറ്റെടുത്ത പ്രദേശത്ത് ഉടന്‍ തന്നെ ഐടി പാര്‍ക്ക് സ്ഥാപിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications