വെള്ളപ്പൊക്കത്തിനിടെ യുവതി തോണിയില്‍ പ്രസവിച്ചു
കേന്ദ്രപാറ(ഒറീസ): വെള്ളപ്പൊക്കത്തെത്തുടര്ന്ന് ജനജീവിതം ദുഷ്കരമായ ഒറീസയില് യുവതി തോണിയില് കുഞ്ഞിന് ജന്മം നല്കി.
വ്യാഴാഴ്ച ഗരദാപൂര് ബ്ലോക്കിലെ ബിറ്റെറ ഗ്രാമത്തിലാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴി യുവതി തോണിയില് പ്രസവിച്ചത്. സെപ്റ്റംബര് 24ന് വൈകീട്ടാണ് ഇവര്ക്ക് പ്രസവവേദന തുടങ്ങിയത്. വെള്ളത്തില് മുങ്ങാറായ വീട്ടില് നിന്നും ഭര്ത്താവ് ഇവരെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു.
എന്നാല് പുറം ലോകവുമായി ബന്ധപ്പെടാന് കഴിയാത്തതിനെത്തുടര്ന്ന് പിറ്റേന്ന് പുലരുംവരെ ഇവര്ക്ക് വേദന സഹിച്ച് കഴിയേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ ആരോ ഏര്പ്പാടാക്കിക്കൊടുത്ത തോണിയില് ജില്ലാ ആസ്ഥാനമായ കേന്ദ്രപാറയിലെ ആശുപത്രിയിലേയ്ക്ക് പോകുംവഴിയാണ് പ്രസവം നടന്നത്.
തോണിയില് ഇവര്ക്കൊപ്പം ആശ എന്ന സന്നദ്ധ സംഘടനാ പ്രവര്ത്തകരും മറ്റ് സ്ത്രീകളുമുണ്ടായിരുന്നു. അമ്മയെയും കുഞ്ഞിനെയും പിന്നീട് പട്ക്വാര കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററില് പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഹെല്ത്ത് സെന്റര് വൃത്തങ്ങള് അറിയിച്ചു.
വെള്ളപ്പൊക്കക്കെടുതികള്ക്കിടെ ഇത്തരത്തില് മൂന്ന് പ്രസവങ്ങള് പലയിടങ്ങളിലായി നടന്നതായി റിപ്പോര്ട്ടുകളുണ്ടെന്ന് ജില്ലാ അധികൃതര് അറിയിച്ചു.












Click it and Unblock the Notifications