കുഴല്ക്കിണര് ദുരന്തം: കുട്ടിയെ രക്ഷിക്കാന് ശ്രമം തുടരുന്നു
ആഗ്ര: ഉത്തര്‍പ്രദേശില്‍ ആഗ്രയ്‌ക്കു സമീപം കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷിയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുന്നു.
വ്യാഴാഴ്‌ച രാവിലെ പത്തു മണിയോടെയാണ് കളിയ്‌ക്കുന്നതിനിടെ 150 അടിയിലേറെ ആഴമുള്ള കുഴല്‍ക്കിണറില്‍ സോനു എന്ന രണ്ടു വയസ്സുകാരന്‍ വീണത്.
കിണറിനുള്ളില്‍ ഏകദേശം എഴുപതടിയോളം താഴ്‌ചയില്‍ കുട്ടി കുടുങ്ങിയിരിക്കുകയാണ്.
കിണറിന് സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ രക്ഷപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പുതിയ വിവരങ്ങളനുസരിച്ച് രക്ഷാസംഘം ഏകദേശം അമ്പതടിയോളം താഴ്‌ചയില്‍ കുഴി നിര്‍മ്മിച്ചിട്ടുണ്ട്.
കിണറിനകത്തേക്ക് ഓക്‌സിജനും നല്‌കുന്നുണ്ട്. കുഴിയില്‍ വീണയുടനെ കുഞ്ഞിന് അനക്കമുണ്ടായിരുന്നെങ്കിലും വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് രണ്ടു മണിയ്‌ക്ക് ശേഷം അനക്കമൊന്നും കണ്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
കിണറിനുള്ളിലേക്ക് ക്യാമറ ഇറക്കി കുട്ടിയുടെ സ്ഥിതിഗതികളറിയാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഉയര്‍ന്ന സൈനികോദ്യഗസ്ഥരും പോലീസ് മേധാവികളും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അടുത്ത കാലത്തായി രാജ്യത്ത് കുഴല്‍ക്കിണര്‍ ദുരന്തങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്. അധികൃതരുടെ അനാസ്ഥയാണ് പല ദുരന്തങ്ങളുടെയും പിന്നിലെന്ന് തെളിഞ്ഞെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുക തന്നെയാണ്. മിക്കവാറും സംഭവങ്ങളിലും കുട്ടികളാണ് ഈ ദുരന്തത്തിലകപ്പെടുന്നതെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications