അഭയ കേസ്‌ കൊച്ചി യൂണിറ്റ്‌ ഏറ്റെടുത്തില്ല; കോടതി വിശദീകരണം തേടി
കൊച്ചി: സിസ്റ്റര് അഭയ കൊലക്കേസ് അന്വേഷണം സിബിഐയുടെ കൊച്ചി യൂണിറ്റ് ഇതുവരെ ഏറ്റെടുക്കാത്തതിന്റെ കാരണം ബോധിപ്പിക്കാന് എറണാകുളം ചീഫ് മജിസ്ട്രേട്ട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്കാന് കോടതി സിബിഐയോട് നിര്ദ്ദേശിച്ചു. കേസിന്റെ ഇതുവരെയുള്ള ആന്വേഷണം നടത്തിയിരുന്നത് സിബിഐയുടെ ദില്ലി യൂണിറ്റാണ്. ഡിവൈഎസ്പി ആര്കെ അഗര്വാളിനായിരുന്നു അന്വേഷണച്ചുമതല.
എന്നാല് ദില്ലി യൂണിറ്റിന്റെ അന്വേഷണ രീതികളില് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അന്വേഷണം കൊച്ചി യൂണിറ്റ് ഏറ്റെടുക്കണമെന്ന് സെപ്റ്റംബര് 4ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥന്മാര് കേസന്വേഷണം നടത്തുന്നത് ഭാഷാപ്രശ്നങ്ങള്ക്കും അത് മൂലം വ്യക്തതയില്ലായ്മയ്ക്കും കാരണമാകുമെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല് സെപ്റ്റംബറില് ഉത്തരവുണ്ടായിട്ടും കേസന്വേഷണം ഇതേവരെ കൊച്ചി യൂണിറ്റിന് കൈമാറിയിട്ടില്ല. ഇതിനെത്തുടര്ന്നാണ് ചീഫ് ജുഡീഷ്യല് മജിസ്ട്രേട്ട് പിഡി സോമന് ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ഹൈക്കോടതിയുടെ പ്രതികൂല പരാമര്ശങ്ങള് നീക്കിക്കിട്ടാന് സുപ്രീം കോടതിയില് അപ്പീല് നല്കാന് സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇക്കാലമത്രയും ദില്ലി യൂണിറ്റ് അന്വേഷിച്ച കേസ് കൊച്ചി യൂണിറ്റിന് കൈമാറുമ്പോള് കാലതാമസം ഉണ്ടാകുമെന്നാണ് സിബിഐയുടെ നിലപാട്. ഇക്കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications