ഹിന്ദു വിവാഹനിയമം ഹിന്ദുക്കള്‍ക്ക് മാത്രം: സുപ്രിം കോടതി
ദില്ലി: ഹിന്ദു-ക്രിസ്‌ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവാണെന്ന് സുപ്രിം കോടതി. 1995ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹത്തിന് മാത്രമേ നിയമസാധുതയുള്ളു.
ജസ്റ്റിസുമാരായ അല്‍തമാസ് കപീറും എഫ്‌താബ് അലാമും അടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രപ്രദേശ് സ്വദേശിനി ബന്ധരു പവനി എന്ന ഹിന്ദു സ്‌ത്രീയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി വിധി.
തന്നെ ഒരു ക്രിസ്‌ത്യന്‍ യുവാവ് ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്യുകയായിരുന്നുവെന്നും ഇതിനാല്‍ വിവാഹമോചനം വേണമെന്നുമായിരുന്നു പവനിയുടെ ആവശ്യം. ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത തങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലെന്നും പവനി വാദിച്ചു.
പവനിയ്‌ക്ക്‌് വിവാഹമോചനം അനുവദിച്ചുകൊണ്ട് ഹൈദരാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ സുപ്രിം കോടതി അംഗീകരിക്കുകയായിരുന്നു. റോമന്‍ കാത്തലിക് ആയ സോറിയാരാജ് എന്നയാള്‍ താന്‍ ഹിന്ദുവാണെന്ന് കളവ് പറഞ്ഞാണ് 1996 ഒക്ടോബര്‍ 24ന് പവനിയെ വിവാഹം ചെയ്‌തത്.
ഹിന്ദുമതാചാര പ്രകാരം താലി അണിയിച്ചായിരുന്നു കല്യാണം. ഇരുകൂട്ടരുടെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 2ന് ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു. പിന്നീട് ഭര്‍ത്താവ് ക്രിസ്‌ത്യാനിയാണെന്ന് മനസ്സിലാക്കിയ പവനി വിവാഹമോചനത്തിന് അപേക്ഷ നല്‍കി.
എന്നാല്‍ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹത്തിന് നിയമസാധുതയുണ്ടെന്ന് കാണിച്ച് കുടുംബകോടതി വിവാഹമോചനം അനുവദിച്ചില്ല. ഇതിനെതിരെ പവനി ഹൈക്കോടതിയെ സമീപിച്ചു.
ഹിന്ദു വിവാഹ നിയമപ്രകാരം ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം മാത്രമേ നിയമപരമാകൂ എന്ന് നിരീക്ഷിച്ച കോടതി വിവാഹമോചനം അനുവദിച്ചു. ഇതിനെതിരെ പവനിയുടെ ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications