കാര്‍ കമ്പനികളുടെ രക്ഷാപദ്ധതി തള്ളി
വാഷിങ്‌ടണ്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വന്‍ തകര്‍ച്ച നേരിടുന്ന അമേരിക്കന്‍ വാഹനവ്യവസായ രംഗത്തെ കരകയറ്റാന്‍ ഉദ്ദേശിച്ചുള്ള 1400 കോടി ഡോളറിന്റെ പദ്ധതി സെനറ്റ് തള്ളി. പദ്ധതിയ്‌ക്ക് പ്രതിനിധി സഭ വ്യാഴാഴ്‌ച അംഗീകാരം നല്‌കിയിരുന്നു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതിയ്‌ക്ക് അംഗീകാരം ലഭിയ്‌ക്കാതെ പോയത്.
ബിഗ് 3 എന്നറിയപ്പെടുന്ന ജനറല്‍ മോട്ടോഴ്‌സ്, ക്രിസ് ലര്‍, ഫോര്‍ഡ് എന്നീ വാഹനനിര്‍മാണ കമ്പനികള്‍ക്ക് സഹായം നല്‌കാനുദ്ദേശിച്ചാണ് രക്ഷാപദ്ധതി ആസൂത്രണം ചെയ്‌തിരുന്നത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ പിടിച്ചുനില്‌ക്കാന്‍ സാധിയ്‌ക്കില്ലെന്ന് ജനറല്‍ മോട്ടോഴ്‌സും ക്രിസ്‌ലറും വ്യക്തമാക്കിയിരുന്നു. വരുംമാസങ്ങളില്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വായ്‌പ നല്‌കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറയ്‌ക്കണമെന്നാവശ്യം യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് യൂണിയന്‍ നിരാകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതി തള്ളാന്‍ സെനറ്റ് തീരുമാനിച്ചതെന്നും സൂചനകളുണ്ട്. പദ്ധതിയ്‌ക്ക് അംഗീകാരം ലഭിയ്‌ക്കാതിരുന്നതില്‍ നിരാശയുണ്ടെന്ന് വൈറ്റ്‌ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സെനറ്റ് രക്ഷാപദ്ധതി തള്ളിയതിനെ തുടര്‍ന്ന് ഓഹരി വിപണികളില്‍ വന്‍ തിരിച്ചടി ഉണ്ടായി. അമേരിക്കയിലെ ഡൗ ജോണ്‍സ് സൂചിക 196 പോയിന്റിന്റെ നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്. ഇതിന്റെ ആഘാതം ലോക വിപണികളിലും അനുഭവപ്പെട്ടു. സെന്‍സെക്‌സിലും നിഫ്‌റ്റിയിലും വന്‍ തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സില്‍ 350 പോയിന്റിന്റെ നഷ്ടം നേരിട്ടു.












Click it and Unblock the Notifications