വിഎസിന്റെ കീഴടങ്ങല്‍ നിലനില്‌പിന് വേണ്ടി
തിരുവനന്തപുരം: പിണറായി വിജയനെതിരായ ലാവലിന്‍ കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. നിയമപരമായി നേരിടുകയെന്നാല്‍ ന്യയാധിപന്‍മാരുമായി യുദ്ധം ചെയ്യുക എന്നല്ല ഉദ്ദേശിയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയ്‌ക്ക് അതീതമായ പാര്‍ട്ടിയാണ് സിപിഎം. അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയാണിത്. നമ്മുടെ പാര്‍ട്ടി സെക്രട്ടറിയ്‌ക്കെതിരെ അഴിമതി ആക്ഷേപം ഉന്നയിക്കുന്ന യുഡിഎഫും കോണ്‍ഗ്രസും പാമോയില്‍, ഇടമലയാര്‍, ബ്രഹ്മപുരം എന്നീ അഴിമതി കേസുകളില്‍ പ്രതികളാണ്. ഈ കേസുകളെല്ലാം വിവിധ ഘട്ടങ്ങളില്‍ കോടതിയിലാണ്. അഴിമതിക്കെതിരായി സിപിഎം നടത്തിയ പോരാട്ടത്തിന്റെ ഉദാഹരണമാണ് മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിനെതിരായ കേസ്.
സിപിഎം നേതാക്കളുടെ പേരില്‍ ഉയര്‍ന്നിരിയ്‌ക്കുന്ന ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. നിയമപരമായി നേരിട്ട് നിരപരാധിത്വം തെളിയിക്കട്ടെ. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരോടും ഇതേ പറയാനുള്ളൂ. വിഎസ് പറഞ്ഞു.
പാര്‍ട്ടിയ്‌ക്കുള്ളില്‍ വിമത പരിവേഷമാണെങ്കിലും സംഘടനയില്‍ നിന്നും പുറത്തു വന്ന് ബദല്‍ പ്രസ്ഥാനം നയിക്കാനില്ലെന്ന സന്ദേശമാണ് നവകേരള മാര്‍ച്ചിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തത് വഴി വിഎസ് നല്‌കിയിരിക്കുന്നത്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിഎസ് മുന്‍നിലപാടുകളില്‍ മാറ്റം വരുത്തി ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുകളും പാര്‍ട്ടിയുടെ ചട്ടക്കൂടിനുളളില്‍ ഒതുങ്ങാന്‍ വിഎസിനെ നിര്‍ബന്ധിതനാക്കുകയായിരുന്നു.












Click it and Unblock the Notifications