അഭയ: കേരള കൗമുദിക്കെതിരെ നടപടിയില്ല
കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട് കേരള കൗമുദി ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടികള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ജസ്‌റ്റിസുമാരായ കെ. ബാലകൃഷ്‌ണന്‍ നായരും എം.എല്‍ ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
കേരള കൗമുദിയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാന്‍ രണ്ടു തവണ ഹൈക്കോടതി ആരംഭിച്ച നടപടികള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. അഭയ കേസ് അട്ടിമറിയ്‌ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള കൗമുദി കഴിഞ്ഞ ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം എന്ന മുഖപ്രസംഗത്തിനെതിരെ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ.ബി കോശിയാണ് ആദ്യം ഉത്തരവിട്ടത്.
എന്നാല്‍ ചീഫ് ജസ്റ്റിസ് മാത്രം ചേര്‍ന്നാല്‍ ഹൈക്കോടതിയാവില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബഞ്ച് കോടതിയലക്ഷ്യ നടപടികള്‍ ആദ്യമേ അവസാനിപ്പിച്ചിരുന്നു. സ്വമേധയാ കോടതിയലക്ഷ്യകേസെടുക്കണമെങ്കില്‍ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിയ്‌ക്കണമെന്നും അന്നത്തെ വിധിയിലുണ്ടായിരുന്നു.
പിന്നീട് ചീഫ് ജസ്റ്റിസ് ജെ.ബി കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗം കൗമുദിയ്‌ക്കെതിരെ രണ്ടാമതും കോടതിയലക്ഷ്യ കേസെടുക്കാന്‍ തീരുമാനിച്ചത്.
കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദും കേരള കൗമുദി കോടതിയലക്ഷ്യ കുറ്റം ചെയ്‌തിട്ടില്ലെന്നാണ് വാദിച്ചിരുന്നത്. പത്രത്തിനെതിരെ നടപടിയെടുക്കാതെ അന്തസാര്‍ന്ന മൗനം പാലിയ്‌ക്കുകയാണ് വേണ്ടതെന്ന എജിയുടെ വാദം ശരിവച്ചു കൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി.












Click it and Unblock the Notifications