അബ്ദുള്ളക്കുട്ടിയുടെ കാറിന് നേര്‍ക്ക് കല്ലേറ്
കണ്ണൂര്‍: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ എപി അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിന് നേരെ കല്ലേറ്. ചാലാട് ബാങ്കിന് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്.
കല്ലേറുകൊണ്ട് ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ചില്ല് തകര്‍ന്നു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചാലാട് യുഡുഎഫ് പ്രാചരണയോഗത്തില്‍ പ്രസംഗിച്ച് കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകമാണ് കല്ലേറുണ്ടായത്. കെഎല്‍ 13 ആര്‍ 3597 ഇന്നോവയാണ് ആക്രമണത്തിനിരയായ വണ്ടി.
പ്രസംഗത്തില്‍ അബ്ദുള്ളക്കുട്ടി സിപിഎമ്മിനെയും പിഡിപി നേതാവ് മദനിയെയും വിമര്‍ശിച്ചിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പമാണ് അബ്ദുള്ളക്കുട്ടി ഇരുന്നിരുന്നത്. കാറില്‍ യുഡിഎഫ് നേതാക്കളായ മുണ്ടേരി ഗംഗാധരന്‍, വിപി മഹമൂദ്, തുടങ്ങിയവരും ഉണ്ടായിരുന്നു.
പൊലീസ് ജീപ്പിന്റെ അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടിയും കൂട്ടരും സഞ്ചരിച്ചിരുന്നത്. ബാങ്കിന് സമീപത്തുള്ള വെളിച്ചമില്ലാത്ത സ്ഥലത്തെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. കാര്‍ നിര്‍ത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് ഇറങ്ങി പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.
പിന്നീട് പൊലീസ് അകമ്പടിയോടെതന്നെ അബ്ദുള്ളക്കുട്ടിയും കൂട്ടരും അടുത്ത പ്രചാരണകേന്ദ്രമായ കുഞ്ഞിപ്പള്ളിയിലേയ്‌ക്ക് പോയി. കല്ലേറില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചാലാട്ട് പ്രകടനം നടത്തി.












Click it and Unblock the Notifications