ഝാര്‍ഖണ്ഡില്‍ നക്സലുകള്‍ തീവണ്ടി റാഞ്ചി
റാഞ്ചി: ഝാര്‍ഖണ്ഡില്‍ നക്സലൈറ്റുകള്‍ യാത്ര തീവണ്ടി റാഞ്ചി എഴുനൂറോളം യാത്രക്കാരെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്. ബര്‍ഗാനയില്‍ നിന്നും മുഗള്‍സാരെയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് നക്സലുകള്‍ റാഞ്ചിയിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെയാണ് നക്സലുകള്‍ തീവണ്ടി റാഞ്ചിയിരിക്കുന്നത്.
നക്സലൈറ്റുകളുടെ ശക്തി പ്രദേശമായ ലെത്ഹാര്‍ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ബന്ദികളാക്കിയവരില്‍ തീവണ്ടിയുടെ ഡ്രൈവറും ഗാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് തീവണ്ടി റാഞ്ചല്‍ നടന്നത്. ലെത്ഹാര്‍ സ്റ്റേഷനില്‍ തീവണ്ടിയെത്തിയപ്പോള്‍ 300 ഓളം വരുന്ന നക്സലൈറ്റുകള്‍ തീവണ്ടിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. റെയില്‍വെ സുരക്ഷാ സേന യാത്രക്കാരെ മോചിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ സൈനികള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിയ്ക്കണമെന്ന് നക്സലുകള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്. ഇതിന് പുറമെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ബന്ദിനും നക്സലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ ഝാര്‍ഖണ്ഡില്‍ ആറ് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട തിരഞ്ഞടെപ്പിലും വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications