കണ്ണൂര്‍ സന്ദര്‍ശനം പാര്‍ട്ടിയുടെ അറിവോടെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ദിവസം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂര്‍ സന്ദര്‍ശനം പാര്‍ട്ടി നേരത്തെ നിശ്ചയിച്ചതാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല.
തിരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷ നേതാവ് കണ്ണൂരിലും കെപിസിസി പ്രസിഡന്റ് കോഴിക്കോട്ടും പോകണമെന്ന് കോണ്‍ഗ്രസ് നേരത്തെ നിശ്ചയിച്ചതാണ്. തിരഞ്ഞെടുപ്പ് ദിനത്തില്‍ കോഴിക്കോട്ടേക്ക് പോകാന്‍ വിമാനം കിട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് കെപി സിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ കണ്ണൂര്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചത്.
പ്രതിപക്ഷ നേതാവിനെതിരെ സിപിഎം ദുഷ്‌പ്രചാരണം അഴിച്ചു വിടുകയാണ്. സംസ്ഥാനത്തുട നീളം സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
പി ജയരാജന്‍ എംഎല്‍ യുടെ മകന് സ്‌ഫോടനത്തില്‍ പരുക്കേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. വിഷുപ്പടക്കം പൊട്ടിയെന്ന് പറഞ്ഞ് കണ്ണൂരിലെ ബോംബ് സ്ഫോടനത്തെ തമസ്ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. കണ്ണൂരിലെ ആയുധനിര്‍മ്മാണ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തയാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു,
തിരഞ്ഞെടുപ്പില്‍ പരാജയഭീതി ഉള്ളതിനാലാണ് സിപിഎം ജനതാദളിനും, കോണ്‍ഗ്രസിനുമെതിരെ വ്യാപകമായി അക്രമം അഴിച്ചു വിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications