കോടീശ്വരന്‍മാരുടെയും ക്രിമിനലുകളുടെയും സഭ
ദില്ലി: ലോക്‌സഭ കോടീശ്വരന്‍മാരുടെ സഭയായി മാറുകയാണോ? പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയ 543 ജനപ്രതിനിധികളില്‍ ഒരു കോടിയിലേറെ സ്വത്തുള്ള 300 പേരുണ്ട്. ഇവരുടെ മൊത്തം സ്വത്തിന്റെ മൂല്യം ഏതാണ്ട് 3075 കോടി രൂപ വരും.
സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരെ ലഭിച്ചിരിയ്‌ക്കുന്നത്. കോണ്‍ഗ്രസിന് 138 പേരെ കിട്ടിയപ്പോള്‍ പ്രതിപക്ഷമായ ബിജെപിയില്‍ 58 പേരാണ് കോടി തിളക്കത്തില്‍ പാര്‍ലമെന്റില്‍ ഉണ്ടാവുക. 14 എംപിമാര്‍ മാത്രമുള്ള സമാജ് വാദി പാര്‍ട്ടിയില്‍ 13 പേരും കോടീശ്വരന്‍മാരാണ്.
നൂറ് കോടിയ്‌ക്ക് സ്വത്തുള്ളവര്‍ നാല് പേരാണ് സഭയിലുള്ളത്. ആന്ധ്രയിലെ ഖമ്മത്ത് നിന്നുള്ള ടിഡിപി എംപി നാഗേശ്വര റാവുവാണ് കോടീശ്വരന്‍മാരില്‍ മുമ്പന്‍. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് എംപി നവീന്‍ ജിണ്ടാലിന് 131 കോടിയുടെ സ്വത്തുണ്ട്.
അതേ സമയം, പതിനഞ്ചാം ലോക്‌സഭയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഏറെയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള 150 ഓളം പേരെയാണ് ഇന്ത്യന്‍ ജനത ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്. ഇതില്‍ 73 പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ് ചാര്‍ജ്ജ് ചെയ്‌തിരിയ്‌ക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള 42 പേരെയാണ് ബിജപെ സംഭാവന ചെയ്‌തിരിയ്‌ക്കുന്നത്. ഇവരില്‍ 17 പേര്‍ ഗുരുതരമായ കേസുകളില്‍ പെട്ടവരാണ്. ബിജെപിയ്‌ക്ക് തൊട്ടു പിന്നാലെ ക്രിമിനില്‍ പശ്ചാത്തലമുള്ള 41 പേരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയിലെത്തിയിരിയ്‌ക്കുന്നത്. ഇവരില്‍ 12 പേര്‍ക്കെതിരെ ഗുരുതരമായ കേസുകള്‍ നിലവിലുണ്ട്.
ഇത്തരക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 17.2 ശതമാനമാണ് വര്‍ദ്ധന. 2004ലെ തിരഞ്ഞെടുപ്പില്‍ 128 പേരാണ് ക്രിമിനല്‍ പശ്ചാത്തലവുമായി സഭയിലിരുന്നത്.
ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിയ്‌ക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ 31 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 23 ക്രിമിനല്‍ എംപിമാരുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.












Click it and Unblock the Notifications