വിഴിഞ്ഞം: സൂം വീണ്ടും കോടതിയിലേക്ക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണക്കരാറില്‍ തങ്ങള്‍ സമര്‍പ്പിച്ച ടെണ്ടര്‍ രണ്ടാമതും തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സൂം ഡവലപ്പേഴ്‌സ് തീരുമാനിച്ചു.
സൂം ഡവലപ്പേഴ്‌സിന്‍റെ സാങ്കേതിക ടെന്‍ഡര്‍ വ്യാഴാഴ്‌ചയാണ് ബിഡ് ഇവാലുവേഷന്‍ കമ്മിറ്റി തള്ളിയത്.
സാങ്കേതിക ടെന്‍ഡര്‍ പരിശോധനയില്‍ കുറഞ്ഞത് 70മാര്‍ക്കാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ സൂമിന് 61 മാര്‍ക്കാണ് പരിശോധനയില്‍ ലഭിച്ചത്. സൂം ഡെവലപ്പേഴ്‌സിന് മാര്‍ക്കറ്റിംഗ് കാര്യങ്ങളില്‍ അപാകതകളുണ്ടെന്നുംതുറമുഖനിര്‍മ്മാണത്തില്‍ പ്രവര്‍ത്തിപരിചയം ഇല്ലെന്നും പറഞ്ഞ് വിദഗ്‌ധസമിതി കണ്ടെത്തിയിരുന്നു.
സാങ്കേതിക ടെന്‍ഡര്‍ തള്ളിയ സാഹചര്യത്തില്‍ സാമ്പത്തിക ടെന്‍ഡര്‍ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയുടെ തീരുമാനം ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വിട്ടിരിക്കുകയാണ്.
എന്നാല്‍ തുറമുഖ നിര്‍മാണത്തില്‍ തങ്ങള്‍ക്ക് മുന്‍പരിചയമില്ലെന്ന വാദം ശരിയല്ലെന്ന് സൂം ഡവലപ്പേഴ്‌സിന്‍റെ സിഇഒ അനില്‍ തമ്പി വ്യക്തമാക്കി. ടെണ്ടര്‍ പരിശോധനാ സമിതിയുടെ കണ്ടെത്തലില്‍ രാഷ്‌ട്രീയമടക്കം വിവിധ താല്‍പര്യങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്നും സൂം കോടതിയെ അറിയിക്കും.
തുറമുഖം നിര്‍മ്മിച്ച് സൂമിന് മുന്‍ പരിചയമില്ലെങ്കിലും സൂമിന്‍റെ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് കമ്പനികള്‍ക്ക് ഇതില്‍ പരിചയമുണ്ട്. കണ്‍സോര്‍ഷ്യത്തെ ഒന്നായിവേണം പരിഗണിക്കാനെന്നും അനില്‍ തമ്പി ആവശ്യപ്പെട്ടു. ലാന്‍കോ കോണ്ടപ്പള്ളി കണ്‍സോര്‍ഷ്യത്തിനും തുറമുഖ നിര്‍മ്മാണത്തില്‍ മുന്‍ പരിചയമില്ലെന്നും സൂം സിഇഒ ആരോപിച്ചു.
സൂം വീണ്ടും കോടതിയെ സമീപിയ്‌ക്കുമെന്ന് ഉറപ്പായതോടെ കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിയ്‌ക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം ഇനിയും നീളുമെന്ന് ഉറപ്പായി കഴിഞ്ഞു.












Click it and Unblock the Notifications