കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയന്‍ കുടുങ്ങിയതിന്‌ പിന്നില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രി ജി കാര്‍ത്തികേയന്‍ കുടുങ്ങിയതിന്‌ പിന്നില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങളാണെന്ന് നിരീക്ഷണം. സമാന പദവികള്‍ വഹിച്ചിരുന്ന രണ്ട്‌ പേര്‍ക്ക്‌ വെവ്വെറെ നീതി എന്നത്‌ കോടതിയുടെ മുന്നില്‍ ഒരിയ്‌ക്കലും നിലനില്‌ക്കാത്ത കാര്യമാണെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ലാവലിനുമായി ധാരണപത്രം ഒപ്പിട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന ആര്‍ ശിവദാസന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. മനപൂര്‍വമായും ദുരുദ്ദേശ്യപരമായും ലാവലിന്‌ കരാര്‍ നല്‍കാനായി ധാരണാപത്രം ഒപ്പുവച്ചുവെന്നാണ്‌ ശിവദാസനെതിരായി സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. പക്ഷേ അക്കാലത്ത്‌ വൈദ്യുതി വകുപ്പ്‌ ഭരിച്ചിരുന്ന കാര്‍ത്തികേയനെ പ്രതിയാക്കാന്‍ സിബിഐ തയ്യാറായില്ല.

പിന്നീട്‌ ലാവലിനുമായി അന്തിമ കരാര്‍ ഒപ്പുവെച്ച ബോര്‍ഡ്‌ ചെയര്‍മാന്‍ കെ മോഹനചന്ദ്രനെയും അപ്പോഴത്തെ വൈദ്യുതി മന്ത്രിയുമായിരുന്ന പിണറായി വിജയനെയും കേസിലെ പ്രതികളാക്കാന്‍ സിബിഐ തീരുമാനിച്ചു. ഇവിടെ പിണറായിയെയും കാര്‍ത്തികേയനെയും രണ്ടു തട്ടിലാണ്‌ സിബിഐ കൈകാര്യം ചെയ്‌തത്‌.

ഗൂഢാലോചന നടക്കുന്ന കാലത്ത്‌ അതില്‍ പങ്കാളിത്തമുള്ള ആള്‍ കുറ്റകൃത്യം പൂര്‍ത്തിയാകുന്ന കാലത്ത്‌ പദവിയിലില്ലെങ്കിലും കേസില്‍ പ്രതിയാകുമെന്ന്‌‌ 'നളിനി വേഴ്സസ് എസ്‌ഐടി' കേസിലെ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

ഗൂഢാലോചന ആരംഭിച്ചത്‌ കാര്‍ത്തികേയന്റെ കാലത്ത്‌ തന്നെയെന്ന്‌ സിബിഐ സമ്മതിയ്‌ക്കുമ്പോഴും തെളിവില്ലെന്ന കാരണം പറഞ്ഞാണ്‌ സിബിഐ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്‌. തെളിവില്ലെന്ന്‌ പറയുമ്പോഴും എങ്ങനെ ഈ കണ്ടെത്തലില്‍ എത്തിയെന്ന കാരണം വിശദീകരിയ്‌ക്കാന്‍ സിബിഐയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഒറ്റവരിയിലാണ്‌ സിബിഐ കുറ്റപത്രത്തില്‍ വിശദീകരിച്ചിരിയ്‌ക്കുന്നത്‌.

ലാവ്‌ലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം വെറും മൂന്നു വെള്ളക്കടലാസില്‍ പൂര്‍ണ ബോര്‍ഡിന്റെ അംഗീകാരമോ ആധികാരികമായ രേഖകളോ ഇല്ലാതെ തയ്യാറാക്കിയെന്നും ഇതുസംബന്‌ധിച്ച രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും ഇക്കാലയളവില്‍ ജി കാര്‍ത്തികേയനായിരുന്നു വൈദ്യുതിമന്ത്രിയെന്നും കുറ്റപത്രത്തിലുണ്ട്‌. ഇങ്ങനെ പ്രഥമനോട്ടത്തില്‍ തന്നെ വീഴ്‌ചകള്‍ ഉണ്ടായി എന്ന്‌ മനസ്സിലായിട്ടും കാര്യമായ വിശദീകരണമില്ലാതെ കാര്‍ത്തികേയനെ ഒഴിവാക്കിയതില്‍ വ്യക്തത വരുത്താനാണ്‌ കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

കേസില്‍ പ്രതികളാക്കപ്പെട്ട ഒമ്പത്‌ പേര്‍ക്കുശേഷം പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട അഞ്ചു പേരില്‍ കാര്‍ത്തികേയനും ഉള്‍പ്പെട്ടിട്ടുണ്ട്‌. പ്രതികളുടെ വിശദാംശങ്ങള്‍ എന്ന്‌ രേഖപ്പെടുത്തിയ ഒന്നാം പേജിന്റെ തുടര്‍ച്ചയായാണ്‌ ഈ 13 പേരുകളും കുറ്റപത്രത്തിലുള്ളത്‌. ഒറ്റനോട്ടത്തില്‍ തന്നെ 13 പേര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന ധാരണയാണ്‌ ഇത്‌ ഉള്ളവാക്കുന്നതെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. കുറ്റപത്രത്തിലെ ഈ വൈരുദ്ധ്യങ്ങള്‍ സിബിഐയുടെ അലംഭാവമാണെന്നും അതല്ല കാര്‍ത്തികേയനെ ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നും ഉള്ള ആരോപണംഇതിനോടകം ഉയര്‍ന്നിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X