സ്വാശ്രയ കരാര്‍ പുനപരിശോധിക്കില്ല: ബേബി
കൊല്ലം: സ്വാശ്രയ കരാര്‍ പുനപരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.
കരാര്‍ അതേപടി നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പ് വേണ്ട രീതിയില്‍ ആലോചിച്ചശേഷമാണ് കരാറിന് രൂപം നല്‍കിയത്. മന്ത്രിമാര്‍ക്കുള്ള അഭിപ്രായം ഉന്നയിക്കേണ്ടത് മാധ്യമങ്ങളിലൂടെയല്ല. മറിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദികളിലാണ്- മന്ത്രി പറഞ്ഞു.
പുതിയ സ്വാശ്രയ കരാര്‍ വേണമെന്ന മന്ത്രി ബിനോയ് വിശ്വത്തിന്റെ ആവശ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കരാര്‍ തനിക്കോ തന്റെ പാര്‍ട്ടിയ്‌ക്കോ തൃപ്‌തികരമല്ലെന്നും ഇത് എംഎ ബേബിയ്‌ക്ക് സ്വീകാര്യമാണോയെന്ന കാര്യത്തില്‍പ്പോലും തനിക്ക് സംശയമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
സര്‍ക്കാര്‍ നിയന്ത്രിത കോളെജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരുടെ ഫീസ് കുറയ്‌ക്കണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സര്‍ക്കാറിന് ഒട്ടേറെ പരമിതികളുണ്ട്. ഇത് എല്ലാവരും മനസ്സിലാക്കണം. ഇപ്പോള്‍ ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ ആദിപാപം ചെയ്‌ത യുഡിഎഫിനെ എന്തുകൊണ്ട് വെറുതെ വിട്ടു- ബേബി ചോദിച്ചു.
സ്വാശ്രയ കരാറിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളില്‍ നിന്നും വിമര്‍ശനം ശക്തമാവുകയാണ്. ഉപസമിതി അംഗമായ ബിനോയ് വിശ്വം ഇതിനകം തന്നെ പലവട്ടം കരാറിനെ എതിര്‍ത്തു സംസാരിച്ചു. സ്വാശ്രയ രംഗം ചാരായക്കച്ചവടം പോലെയാണെന്ന് ആര്‍എസ്‌പി നേതാവ് കെ പങ്കജാക്ഷന്‍ തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications