ഗുജ്ജാര്‍ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‌കി
ജയ്‌പുര്‍: ഗുജ്ജാര്‍ സമുദായത്തിന് അഞ്ച് ശതമാനം സംവരണം നല്‌കുന്ന ബില്ലിന് രാജസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‌കി. വ്യാഴാഴ്‌ച രാത്രി ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ ഒപ്പിട്ടതോടെയാണ് ബില്ല് നിയമമായത്. ഒരു വര്‍ഷം മുമ്പു തന്നെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരുന്നെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായില്ല.
സമുദായത്തെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു 2008 ജൂണില്‍ ഗുജ്ജാറുകള്‍ നടത്തിയ പ്രക്ഷോഭം ദേശീയ ശ്രദ്ധനേടിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ആക്രമണങ്ങള്‍ രാജസ്ഥാനില്‍ ഒതുങ്ങാതെ ദില്ലിയിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചിരുന്നു.
സമരത്തെത്തുടര്‍ന്നു ഗുജ്ജാറുകള്‍ക്കു അഞ്ചു ശതമാനം സംവരണം നടപ്പാക്കാമെന്ന് വസുന്ധര രാജ സിന്ധ്യയുടെ ബിജെപി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് ഗവര്‍ണറുടെ അനുമതിയ്‌ക്കായി സമര്‍പ്പിച്ചിരുന്ന ബില്ലിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്.
സംവരണ പ്രശ്‌നം ഉയര്‍ത്തി ഗുജ്ജാര്‍ സമുദായം കഴിഞ്ഞ ഞായറാഴ്‌ച വീണ്‌ടും പ്രക്ഷോഭത്തിലേയ്‌ക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബില്ലിന് അംഗീകാരം നല്‌കിയിരിക്കുന്നത്. ഈ നീക്കത്തിലൂടെ അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വന്‍ നേട്ടമാണ് കൊയ്‌തിരിയ്‌ക്കുന്നത്.












Click it and Unblock the Notifications