കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ ഭീഷണിക്കിടെ അഫ്ഗാനില്‍ തിരഞ്ഞെടുപ്പ്

  • By Staff
Google Oneindia Malayalam News

കാബൂള്‍: വോട്ട്‌ ചെയ്യുന്നവരുടെ വിരല്‍ മുറിക്കുമെന്ന താലിബാന്‍ ഭീഷണിയ്‌ക്കിടെ അഫ്‌ഗാനിസ്ഥാനില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ആരംഭിച്ചു. രാജ്യത്ത്‌ ജനാധിപത്യ പ്രക്രിയയ്‌ക്ക്‌ തുടക്കമിടുന്ന ദിനത്തിലും പക്ഷേ അക്രമണങ്ങള്‍ അനസ്യൂതം തുടരുകയാണ്‌.

വ്യാപകമായ അക്രമണങ്ങള്‍ രാജ്യം മുഴുവനുണ്ടാകുമെന്ന്‌ മുന്നറിയപ്പോടെ വ്യാഴാഴ്‌ച രാവിലെ രാവിലെ കാണ്ഡഹാറില്‍ തന്നെ നാലിടങ്ങളില്‍ സ്‌ഫോടനമുണ്ടായി. താലിബാന്റെ ഭീകരാക്രമണ ഭീഷണിക്കും ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെതിരായി ഭരണകൂടം ഏര്‍പ്പെടുത്തിയ മാധ്യമ വിലക്കിനുമിടയിലാണ്‌ അഫ്‌ഗാനിസ്‌ഥാനില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

നിലവിലെ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയും മുന്‍ വിദേശകാര്യമന്ത്രി അബ്‌ദുല്ല അബ്‌ദുല്ലയുമാണ്‌ പ്രചാരണരംഗത്ത്‌ മുന്നിലുണ്ടായിരുന്നത്‌. മുന്‍ ധനമന്ത്രി ഡോക്ടര്‍ അഷ്‌റഫ്‌ ഗനി എന്നിവര്‍ ഉള്‍പ്പെടെ 41 സ്‌ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കുന്നുണ്ട്‌. 45 ശതമാനം വോട്ടുകളോടെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി വിജയിക്കുമെന്നാണ്‌ വിവിധ അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്‌.

ശനിയാഴ്‌ച വൈകിട്ടോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. 2001ല്‍ അമേരിക്ക അധിനിവേശം അവസാനിപ്പിച്ച ശേഷം അഫ്‌ഗാനിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പാണിത്‌. ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്‌ഥാനാര്‍ഥിയും 50 ശതമാനം വോട്ട്‌ നേടിയില്ലെങ്കില്‍ ഒക്‌ടോബറില്‍ വീണ്ടും തിരഞ്ഞെടുപ്പ്‌ നടക്കും.

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്‌ പുറമേ അഫ്‌ഗാനിലെ 34 പ്രവിശ്യകളില്‍ നിന്നായി 420 കൗണ്‍സിലര്‍മാര്‍ക്കായും തിരഞ്ഞെടുപ്പ്‌ നടക്കും. ഇതില്‍ മൂവായിരത്തോളം സ്‌ഥാനാര്‍ഥികളാണുള്ളത്‌. പ്രവിശ്യാ തിരഞ്ഞെടുപ്പുകളുടെ പ്രാഥമിക ഫലങ്ങള്‍ അടുത്ത മാസം മൂന്നിനും 17ന്‌ അന്തിമഫലവും പ്രഖ്യാപിക്കും.

അതിനിടെ തിരഞ്ഞെടുപ്പ്‌ അട്ടിമറിയ്‌ക്കാന്‍ 20 ചാവേറുകള്‍ തലസ്‌ഥാനത്തു നുഴഞ്ഞുകയറിയതായി താലിബാന്‍ ഭീഷണി മുഴക്കി. ബഹിഷ്‌കരണം ആഹ്വാനം ചെയ്‌ത താലിബാന്‍, വോട്ടര്‍മാരെ പിന്തിരിപ്പിക്കാന്‍ രാജ്യമെങ്ങും അക്രമം വ്യാപകമാക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യരുതെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അഫ്‌ഗാന്‍ ഭരണകൂടം മാധ്യമങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്‌.

6,969 പോളിങ്‌ സ്‌റ്റേഷനുകളിലായി ഒരു കോടി എഴുപത്‌ ലക്ഷം വോട്ടര്‍മാരാണ്‌ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. 62,000 അമേരിക്കന്‍ സൈനികരടക്കം ഒരു ലക്ഷം നാറ്റോ സൈനികരെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X