ലോകം പഞ്ചസാര ക്ഷാമത്തിലേയ്ക്ക്
ദില്ലി: ലോകം പഞ്ചസാരക്ഷാമത്തിന്റെ പിടിയിലേക്ക് നീങ്ങുന്നു. ആഗോള വിപണിയില്‍ ഇപ്പോള്‍ പഞ്ചസാരവില 28 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിലയിലാണ്. ലോകവ്യാപകമായി കരിമ്പുകൃഷി കുറഞ്ഞതും ഉത്പാദിപ്പിക്കുന്ന കരിമ്പില്‍ വലിയൊരുഭാഗം ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നതുമാണ് പഞ്ചസാരയുടെ ക്ഷാമത്തിന് കാരണം.
പഞ്ചസാര ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും ഉപഭോഗത്തില്‍ ഒന്നാം സ്ഥാനവുമുണ്ടായിരുന്ന ഇന്ത്യയില്‍ രണ്ടു മാസത്തെ ഉപയോഗത്തിനുള്ള ശേഖരമേ അവശേഷിക്കുന്നുള്ളൂ.
ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം മൂന്ന് കോടി ടണ്‍വരെ പഞ്ചസാരയുണ്ടാക്കിയിരുന്ന ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഉത്പാദനം ഒന്നരക്കോടി ടണ്‍ മാത്രമായിരിക്കുമെന്നാണ് കണക്ക്.
വര്‍ഷം 2.4 കോടി ടണ്‍ പഞ്ചസാരയാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ശേഖരത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 45 ലക്ഷം ടണ്‍ മാത്രമാണ്.
ആവശ്യവും ഉത്പാദനവും തമ്മിലുള്ള ഈ വിടവ് നികത്തണമെങ്കില്‍ 90 ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരും. കയറ്റുമതിരാജ്യമായിരുന്ന ഇന്ത്യ വന്‍തോതില്‍ പഞ്ചസാര ഇറക്കുമതി ചെയ്യുന്നതോടെ ആഗോള വിപണിയില്‍ വില ഇനിയുമുയരും. ഇറക്കുമതി കൂടുന്നതോടെ ആഭ്യന്തര വിപണിയിലെ വിലയും കുതിച്ചുയരും.
അയല്‍രാജ്യമായ പാകിസ്താനില്‍ പഞ്ചസാരവില റംസാന്‍ മാസമായപ്പോഴേക്ക് ഏതാണ്ട് ഇരട്ടിയായിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം 45 ലക്ഷം ടണ്‍ പഞ്ചസാരയുണ്ടാക്കിയിരുന്ന പാകിസ്താനില്‍ ഈ വര്‍ഷത്തെ ഉത്പാദനം 37 ലക്ഷം ടണ്‍ മാത്രമാണ്.
അടിയന്തരമായി 1,75,000 ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാനാണ് പാകിസ്താന്റെ പദ്ധതി. പഞ്ചസാര ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ള മലേഷ്യയുള്‍പ്പെടെ പല ഏഷ്യന്‍ രാജ്യങ്ങളും പഞ്ചസാരക്ഷാമത്തിന്റെ പിടിയിലായിക്കഴിഞ്ഞു.
കൊടുംവരള്‍ച്ചയും കര്‍ഷകര്‍ കരിമ്പുകൃഷി ഉപേക്ഷിക്കുന്നതുമാണ് ഇന്ത്യയില്‍ പഞ്ചസാര ഉത്പാദനം കുറയാന്‍ കാരണം. കരിമ്പുകൃഷിയില്‍ മുന്‍നിരയിലുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കര്‍ഷകര്‍ മറ്റു മേഖലകളിലേക്ക് തിരിയുകയാണ്.
കരിമ്പുകൃഷിയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഉത്പാദനം കുറയുന്നതിനെക്കാള്‍ പ്രശ്‌നമാകുന്നത് കരിമ്പുനീര് ജൈവഇന്ധനമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ്.
മൂന്ന് കോടി ടണ്ണാണ് ബ്രസീലിലെ പ്രതിവര്‍ഷ പഞ്ചസാര ഉത്പാദനം. ജൈവഇന്ധനത്തിന് പ്രിയമേറിയതോടെ ഇവിടെനിന്നുള്ള പഞ്ചസാര കയറ്റുമതി കുറഞ്ഞു. ഇതോടൊപ്പം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയും നിലച്ചതാണ് ആഗോള വിപണിയില്‍ പഞ്ചസാര വില 1981-നു ശേഷമുള്ള ഏറ്റവുമുയര്‍ന്ന നിലയിലെത്താന്‍ കാരണം.
14 കോടി ടണ്ണോളം പഞ്ചസാരയാണ് ലോകമെമ്പാടുമായി ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 40 ശതമാനത്തോളം ഏഷ്യയുടെ സംഭാവനയാണ്; 32 ശതമാനം തെക്കേ അമേരിക്കയില്‍നിന്നും. തണുപ്പുരാജ്യങ്ങള്‍ കിഴങ്ങുകളില്‍നിന്ന് പഞ്ചസാരയുണ്ടാക്കുന്നുണ്ടെങ്കിലും കരിമ്പ് തന്നെയാണ് പഞ്ചസാരയുടെ പ്രധാന ഉറവിടം.
പഞ്ചസാരക്ഷാമത്തിന് താത്കാലിക പരിഹാരമായി ബ്രസീലില്‍നിന്ന് 37 ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചസാര ശേഖരിച്ചുവെക്കുന്നതിനുള്ള സമയപരിധി കുറച്ചിട്ടുമുണ്ട്. ഇതനുസരിച്ച് 1000 കിലോഗ്രാം പഞ്ചസാര രണ്ടാഴ്ചത്തേക്ക് ശേഖരിച്ചുവെക്കാനേ ബിസ്‌കറ്റ് കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അനുമതിയുള്ളൂ.












Click it and Unblock the Notifications